ടിബറ്റിൽ ചൈനയുടെ സൈനിക പരിശീലനമെന്ന് റിപ്പോർട്ടുകൾ

ടിബറ്റ് സൈനിക മേഖലയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ആണവ, രാസ, ജൈവ യുദ്ധങ്ങൾക്കുള്ള അഭ്യാസങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. കമാൻഡോകൾ, കവചിത ആക്രമണ ഗ്രൂപ്പുകൾ, രാസായുധ പ്രയോഗത്തിൽ പരിശീലനം നേടിയ സൈനികർ എന്നിവരടങ്ങിയ പിഎൽഎയുടെ സംയുക്ത സൈനിക ബ്രിഗേഡാണ് നവംബർ അവസാനത്തോടെ അഭ്യാസം നടത്തിയത്. ഇത് സംബന്ധച്ച് ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പിഎൽഎ വാർത്താ വെബ്സൈറ്റിൽ റിപ്പോർട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സൈനിക അഭ്യാസങ്ങളുടെ വാർത്തയും വരുന്നത്. നവംബർ അവസാനത്തിൽ മഞ്ഞുമൂടിയ പീഠഭൂമിയിൽ ടിബറ്റ് മിലിട്ടറി മേഖലയിലെ ഒരു സിന്തറ്റിക് ബ്രിഗേഡിൽ വിവിധ അഭ്യാസപ്രകടനങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.

സൈനികാഭ്യാസത്തിലെ രംഗങ്ങൾ, നിർദേശങ്ങൾ, വ്യത്യസ്ത വിഭാഗങ്ങളിലായുള്ള അഭ്യാസങ്ങളിൽ പങ്കെടുത്ത സൈനികരുടെ റോളുകൾ എന്നിവയെല്ലാം പിഎൽഎ വെബ്സൈറ്റിലെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. ഇത് ചൈനീസ് ഭാഷയിൽ മാത്രമാണ് ലഭ്യം. എന്നാൽ, മുഴുവൻ സൈനികാഭ്യാസത്തിന്റേയും സ്ഥലമോ സമയമോ വാർത്തിയിൽ പരാമർശിച്ചിട്ടില്ല.

Top