ആ ‘വൈറസ്’ സത്യം ചൈന മറച്ചുവെയ്ക്കുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തടഞ്ഞു!

കൊറോണാവൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാതിരിക്കാന്‍ തങ്ങളുടെ വന്‍ശക്തി പദവി ഉപയോഗിച്ച് ലോകാരോഗ്യ സംഘടനയില്‍ സമ്മര്‍ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. ലോകത്താകമാനം 1300ലേറെ പേരെ ബാധിച്ച വൈറസ് ബാധ ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇവിടുത്തെ അനധികൃത കാട്ടുമാംസ വില്‍പ്പനയാണ് വൈറസിനെ മനുഷ്യരിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

ഇപ്പോഴും ആഗോള ആരോഗ്യ പ്രതിസന്ധിയുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായിട്ടില്ല. അത്തരമൊരു തീരുമാനത്തിന് സമയമായിട്ടില്ലെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ വൈറസ് തുടര്‍ന്നും പടര്‍ന്നുപിടിച്ചാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ‘പകര്‍ച്ചവ്യാധിയെ ഗുരുതരമായി കാണുന്നില്ലെന്ന് അര്‍ത്ഥമില്ല. സത്യാവസ്ഥയിലും വലുതായി ഒന്നുമില്ല’, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സസ് പ്രതികരിച്ചു.

എന്നാല്‍ ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഈ പ്രഖ്യാപനമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ‘ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നിബന്ധനകള്‍ കടന്നുകഴിഞ്ഞു. ഡബ്യുഎച്ച്ഒ തീരുമാനങ്ങള്‍ ജീവശാസ്ത്രപരമായ കാര്യങ്ങള്‍ കൊണ്ട് മാത്രം കൈക്കൊള്ളുന്നതാണെന്ന് കരുതുന്നില്ല’, ഫോറിന്‍ റിലേഷന്‍സ് കൗണ്‍സില്‍ ഗ്ലോബല്‍ ഹെല്‍ത്ത് സീനിയര്‍ ഫെല്ലോ യാന്‍സോംഗ് ഹുവാംഗ് പറഞ്ഞു.

പ്രധാന അന്താരാഷ്ട്ര സംഘടനകളുടെ തലപ്പത്ത് ചൈന സമ്മര്‍ദം ചെലുത്തി മാറ്റങ്ങള്‍ വരുത്തുന്നതായാണ് ആരോപണം. ചൈനീസ് പരമ്പരാഗത മരുന്നുകളുടെ ഉപയോഗം ഡബ്യുഎച്ച്ഒ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചൈനയുടെ നിര്‍ബന്ധപ്രകാരമാണെന്നും പറയപ്പെടുന്നു.

Top