മനുഷ്യ ശരീരം ഐസ് കട്ടയാവുന്ന തണുപ്പിൽ ചൈനക്കെതിരെ പ്രതിരോധം തീർത്ത് അവർ

ന്യൂഡല്‍ഹി: ശരീരം ഐസ് കട്ടയാവുന്ന തരത്തിലുള്ള കൊടും തണുപ്പില്‍ എത് നിമിഷവും ചൈനയുടെ ആക്രമണം പ്രതീക്ഷിച്ചിരിക്കുന്നവരാണ് ദോക് ലാമിലെ 400 പേര്‍ . .

ചൈനീസ് സേനയുടെ ആദ്യ ആക്രമണം നേരിടാന്‍ നിയോഗിക്കപ്പെട്ട ഈ 400 ഇന്ത്യന്‍ സൈനികരാണ് രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഈ മഞ്ഞുമലയില്‍ ജീവന്‍ പണയം വച്ച് കര്‍മനിരതരായി നില്‍ക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തിലാണ് ഈ പ്രദേശം.

400 ഇന്ത്യന്‍ സൈനികരില്‍ 48 പേരാണ് ഇനി അവിടെ അവശേഷിക്കുന്നുള്ളൂവെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും വിന്യസിച്ച സേനയില്‍ ആരേയും തിരിച്ചു വിളിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

20643762_492428424456733_2107753490_n

തൊട്ട് മുന്നില്‍ നിന്നും ചൈനീസ് സേന സൃഷ്ടിക്കുന്ന പ്രകോപനങ്ങള്‍ ഏത് നിമിഷവും പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നതിനാല്‍ പരമാവധി സംയമനം പാലിച്ചാണ് മഞ്ഞുമലയില്‍ സൈന്യം ജാഗ്രത പാലിക്കുന്നത്.

ദോക് ലാമിലേക്കുള്ള യാത്ര തന്നെ അതിസാഹസികത നിറഞ്ഞതാണ് ദുര്‍ഘടമായ കൂറ്റന്‍ മലകളിലൂടെയുള്ള യാത്രയില്‍ ഒരുനാരിഴ തെറ്റിയാല്‍ സൈനിക വാഹനങ്ങള്‍ കൊക്കയിലേക്ക് പതിക്കും.

ഏത് നിമിഷവും പൊട്ടിവീഴാവുന്ന പാറകള്‍ മറ്റൊരു ഭീഷണിയാണ്. ഇതെല്ലാം അതിജീവിച്ച് ദോക് ലാമിന് തൊട്ടടുത്ത പ്രദേശങ്ങളില്‍ വലിയ സൈനിക സന്നാഹവും തമ്പടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുന്നതിനു വേണ്ടിയാണിത്.

20643759_492416094457966_16359407_n

കൊടും തണുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടക്കിടെ ദോക് ലാമില്‍ വിന്യസിച്ച സൈനികരെയെല്ലാം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറ്റി നിയമിച്ച് കൊണ്ടിരിക്കയാണ്.

ഒന്നര മാസത്തോളമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷം ഇപ്പോള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങളും ആശങ്കയോടെയാണ് സ്ഥിതിഗതികളെ നോക്കി കാണുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ സൈനിക നടപടി ഇന്ത്യക്കെതിരെയുണ്ടാകുമെന്നാണ് ചൈന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ചൈനയുടെ ഭീഷണി പേടിച്ച് പിന്മാറുന്ന പ്രശ്‌നമില്ലന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

20645798_492416147791294_1817403571_n

തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സേന നിലയുറപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചൈനക്ക് തിരിച്ചടിയായതും ചൈനയെ പ്രകോപിപ്പിച്ച ഘടകമാണ്.

രാജ്യത്തിനകത്തും ചൈനക്കേറ്റ ഈ ‘പ്രഹരം’ വലിയ വിവാദത്തിനാണ് വഴിവെച്ചിട്ടുള്ളത്.

ഭരണപക്ഷത്ത് തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സൈനിക നടപടി എന്ന തീരുമാനത്തിലേക്ക് ചൈനീസ് ഭരണകൂടം എത്തിയിരിക്കുന്നത്.

ഇന്ത്യയാവട്ടെ ഇരു വിഭാഗവും സമാധാനപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചിട്ടുള്ളത്.

രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയായ ദോക് ലാമിലെ ചൈനയുടെ റോഡ് നിര്‍മ്മാണത്തിനോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നയം.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് ദോക് ലാം.

Top