ചൈന നഷ്ടപ്പെടുത്തിയത് സുപ്രധാന ദിനങ്ങള്‍; വിരല്‍ ചൂണ്ടുന്നത് വീഴ്ചയിലേക്ക്!

ചൈനയിലെ ചില ഡോക്ടര്‍മാര്‍ കൊറോണ പോലുള്ള വൈറസ് ബാധ പടരാന്‍ സാധ്യതയുണ്ടെന്ന സംശയങ്ങള്‍ അഭ്യൂഹങ്ങള്‍ മാത്രമായി കരുതി തള്ളുകയും, ഇവര്‍ സന്ദേശം പങ്കുവെച്ച ഗ്രൂപ്പിലെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയുമാണ് അധികൃതര്‍ തിടുക്കത്തില്‍ നടത്തിയ പ്രതികരണം. ഇപ്പോള്‍ ചൈനയിലെ പ്രാദേശിക മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് കൊറോണയ്ക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാന ദിനങ്ങളും, ആഴ്ചകളും അധികൃതര്‍ നഷ്ടമാക്കിയെന്നാണ് തിരിച്ചറിയുന്നത്.

ജനുവരി ആദ്യവാരത്തില്‍ തന്നെ ഈ വീഴ്ച സംഭവിച്ചു. ഒരു മാസത്തിന് ശേഷം ഇതൊരു അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നയിച്ചു. ഉദാസീന നിലപാടാണോ, പകര്‍ച്ചവ്യാധി രഹസ്യമാക്കി നിലനിര്‍ത്താനുള്ള ശ്രമങ്ങളാണോ നടപടി വൈകാന്‍ കാരണമായതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പലവിധ കാരണങ്ങളാണ് അടിയന്തരമായി നടപടി സ്വീകരിക്കുന്നതില്‍ നിന്നും അധികൃതരെ പിന്തിരിപ്പിച്ചതെന്നാണ് കരുതുന്നത്.

സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിയാന്‍ പ്രാദേശിക അധികൃതര്‍ പരാജയപ്പെടുകയോ, ഇത് സമ്മതിക്കുകയോ ചെയ്യാന്‍ തയ്യാറാകാത്തതാണ് ഒരു കാരണം. പ്രാദേശിക ഡോക്ടര്‍മാര്‍ വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇതാണ് അവസ്ഥ. ജനുവരി മധ്യത്തില്‍ വുഹാനില്‍ ഒരു സര്‍ക്കാര്‍ സമ്മേളനം നടക്കാന്‍ ഇരിക്കവെ വൈറസ് ബാധയെക്കുറിച്ച് ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്.

ജനുവരി മൂന്നാം ആഴ്ചയില്‍ തന്നെ ഒരു മരണവും, ഡസന്‍ കണക്കിന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷെ നഗരത്തില്‍ പുതിയൊരു രോഗം പിറന്നിട്ടുണ്ടെന്ന വാര്‍ത്തയെ അഭ്യൂഹങ്ങളായി ഒരുക്കി. തായ്‌ലാന്‍ഡിലും, സൗത്ത് കൊറിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലൂണാര്‍ ന്യൂ ഇയറിന് മുന്നോടിയായി 40,000 കുടുംബങ്ങള്‍ പങ്കെടുത്ത ഭക്ഷണ വിരുന്നാണ് സംഘടിപ്പിച്ചത്.

ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളും, സ്ത്രീകളും, പുരുഷന്‍മാര്‍ക്കും ഇടയില്‍ വൈറസ് അനായാസം പടര്‍ന്നിപിക്കാം. ജനുവരി 23ന് വുഹാന്റെ വാതില്‍ അടച്ചുപൂട്ടുമ്പോള്‍ വൈറസ് സകല നിയന്ത്രണങ്ങളും വിട്ട് പുറത്ത്ചാടിയിരുന്നു. ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിനെയാണ് അധികൃതര്‍ നിസ്സാരമാക്കിയത്. ഈ വിവരം അനുസരിച്ച് ജനുവരി 1ന് വുഹാനിലെ സീഫുഡ് മാര്‍ക്കറ്റ് അടച്ചു. വിവരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് വുഹാന്‍ മേയര്‍ സമ്മതിച്ചത് ഒരു മാസത്തിന് ഇപ്പുറമാണ്.

Top