കൊറോണ നഗരത്തിലെ പൗരന്മാരെ രക്ഷിക്കാത്ത പാകിസ്ഥാനെ പുകഴ്ത്തി ചൈന!

കൊറോണാ വൈറസ് ബാധ പടര്‍ന്നുപിടിക്കുമ്പോള്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാന്‍ സാധ്യമല്ലെന്ന് പ്രസ്താവിച്ചാണ് ഒരു രാജ്യം ലോകത്തെ ഞെട്ടിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്താരാഷ്ട്ര ക്ലാസെടുക്കുന്ന പാകിസ്ഥാന്റെ കാര്യമാണ് ഈ പറഞ്ഞുവരുന്നത്. കൊറോണ പടര്‍ന്നുപിടിച്ച ഹുബെയ് പ്രവിശ്യയിലെ വുഹാനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ കഴിയില്ലെന്ന പാക് നിലപാട് സ്വന്തം രാജ്യത്ത് രോഷം ജനിപ്പിച്ചെങ്കിലും സഖ്യകക്ഷിയായ ചൈനയെ ഇത് ഏറെ സന്തോഷിപ്പിച്ചു.

വുഹാനില്‍ നിന്നും പൗരന്മാരെ തിരികെ കൊണ്ടുപോകുന്നില്ലെന്ന ‘ഉരുക്ക് സഹോദരന്‍’ പാകിസ്ഥാന്റെ നിലപാടിനെ ചൈന സ്വാഗതം ചെയ്തു. പകര്‍ച്ചവ്യാധി തടയാനുള്ള ബീജിംഗിന്റെ കഴിവില്‍ ഇസ്ലാമാബാദ് അര്‍പ്പിക്കുന്ന ആത്മവിശ്വാസത്തെയാണ് ഇത് കാണിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. 425 പേര്‍ക്ക് കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായിക്കഴിഞ്ഞപ്പോഴാണ് അയല്‍ക്കാരുടെ ഈ സ്‌നേഹപ്രകടനം.

പതിനേഴായിരത്തില്‍ ഏറെ പേര്‍ക്ക് ഇതിനകം രോഗബാധ കണ്ടെത്തിക്കഴിഞ്ഞു. വരുന്ന ആഴ്ചകളില്‍ എണ്ണം കുതിച്ചുയരുമെന്നാണ് ആശങ്ക. ഹുബെയ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകണക്കിന് പാകിസ്ഥാനി വിദ്യാര്‍ത്ഥികളാണ് വുഹാനില്‍ ഭയന്ന് കഴിയുന്നത്. കൂടുതല്‍ പേരും മെഡിസിന്
പഠിക്കുന്നവരാണ്, നിരവധി പേര്‍ക്ക് ചൈനീസ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്.

തങ്ങളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച് പല പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളും സോഷ്യല്‍ മീഡിയയില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. തങ്ങളുടെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അവരുടെ രാജ്യം ഒരാഴ്ചയ്ക്കുള്ളില്‍ രക്ഷപ്പെടുത്തിയതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പരാതികളുടെ അടിസ്ഥാനത്തിലും ബീജിംഗും, പാകിസ്ഥാനും നിലപാട് മാറ്റുന്നില്ല.

‘ചൈനയും പാകിസ്ഥാനും ഇരുമ്പ് ചേര്‍ത്ത സുഹൃത്തുക്കളാണ്. പരമ്പരാഗതമായി പരസ്പര സഹായം നല്‍കിവരുന്നുണ്ട്. ചൈന പകര്‍ച്ചവ്യാധിയെ നേരിടുമ്പോള്‍ പാകിസ്ഥാന്‍ ശക്തമായി ഒപ്പം നിന്നു, വിമാനയാത്രകള്‍ തുടരുകയും, മരുന്നുകള്‍ വിതരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. പാക് പൗരന്‍മാര്‍ക്ക് ചൈന നല്‍കുന്ന മെഡിക്കല്‍ സഹായത്തില്‍ അവര്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്’, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിംഗ് പ്രതികരിച്ചു.

കൊറോണയുമായി തിരിച്ചെത്തുന്ന പാക് വിദ്യാര്‍ത്ഥികളെ ചികിത്സിക്കാനുള്ള സൗകര്യം പാകിസ്ഥാനില്‍ ഇല്ലെന്ന് നൈയിലെ പാക് അംബാസിഡര്‍ നാഗ്മാന ഹാഷ്മി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ചൈനയില്‍ തുടരുന്നതാണ് നല്ലതെന്നാണ് പാക് നിലപാട്. എല്ലാ ബുദ്ധിമുട്ടിലും സഹായിക്കുന്ന ചൈന എന്ത് വൃത്തികേട് ചെയ്താലും കണ്ണടച്ച് നില്‍ക്കുമെന്ന് അവിടുത്തെ മുസ്ലീം വംശജര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. അതുകൊണ്ട് സ്വന്തം പൗരന്‍മാരുടെ കാര്യത്തില്‍ അവര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമില്ല.

Top