പാക്കിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ചൈന

പാക്കിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ചൈന. അടുത്തിടെ ചൈന പ്രഖ്യാപിച്ച ‘ഒരു ദേശം ഒരു റോഡ്’ പദ്ധതിക്ക് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചൈനയുമായി ദീര്‍ഘകാല സൗഹൃദം പുലര്‍ത്തുന്നതും സമാന നിലപാടുകളുള്ളതുമായ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന ചൈന പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) നടപ്പാക്കുന്നതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍ ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ പാക്കിസ്താനിലെ ഗ്വാദാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ചൈന മുന്നോട്ടുപോകുകയായിരുന്നു.

ഗ്വാദാര്‍ തുറമുഖത്തെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കൂ എന്ന് ചൈന വ്യക്തമാക്കുന്നുണ്ടെങ്കിലും അറബിക്കടലിലെ മറ്റ് തന്ത്രപ്രധാന തുറമുഖങ്ങളെ ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കശ്മീര്‍ മേഖലയില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് ഇടയാക്കും.

Top