സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് ചൈന

india-china

ബെയ്‌ജിംഗ് :പാകിസ്ഥാനുമായുള്ള സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ചൈന. ‘ഒരു മേഖല ഒരു പാത’ പദ്ധതിയുടെ ഭാഗമായാണ് ചൈനയുടെ ഈ നീക്കം. അമ്പത് ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ചൈന-പാക്ക് സാമ്പത്തിക ഇടനാഴി ഒരുങ്ങുന്നത്. നിര്‍ദ്ദിഷ്ട സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക് അധീന കാശ്മീരിലൂടെയാണെന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിന് പ്രധാന കാരണം.

അതേസമയം, ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദ്ദപരമായും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുനിയിംഗ് പറഞ്ഞു. കൂടാതെ, ഇടനാഴി സംബന്ധിച്ച ഭിന്നതകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാല്‍പര്യങ്ങളെ ബാധിക്കില്ലെന്ന് ചുനിയിംഗ് പറഞ്ഞു.

ഇന്ത്യയുമായുള്ള ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്. സാമ്പത്തിക ഇടനാഴിയെന്നത് സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായുള്ളത് മാത്രമാണെന്നും, ഇതില്‍ മൂന്നാമതൊരു രാജ്യത്തെ ചൈനയോ പാകിസ്ഥാനോ ലക്ഷ്യമിടുന്നില്ലെന്നും, ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ചുനിയാംഗ് വ്യക്തമാക്കി.

നിര്‍മാണം നടക്കുന്ന സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയ്ക്കായി 15,000 സൈനികരെയാണ് പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള 7000 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപ പദ്ധതികളില്‍ എട്ടെണ്ണം കടന്നു പോകുന്നത് ഇന്ത്യ ഏറ്റവുമധികം എതിര്‍പ്പു നേരിടുന്ന ബലൂചിസ്ഥാന്‍ മേഖലയിലൂടെയാണ്.

അതുപോലെ ഇന്ത്യയെ ചുറ്റി വളഞ്ഞിരിക്കുന്ന ചൈനയുടെ മറ്റൊരു തന്ത്രമാണ് മുത്തുമാല തന്ത്രം. ചൈന വന്‍കര മുതല്‍ പോര്‍ട്ട് ഓഫ് സുഡാന്‍ വരെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ രാജ്യങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വാണിജ്യപരവും സൈനികവുമായ സന്നാഹങ്ങളെ ചേര്‍ത്തിണക്കിക്കൊണ്ട് ചൈന രൂപീകരിച്ചിട്ടുള്ളതാണ് മുത്തുമാല തന്ത്രം.

തന്ത്രപ്രധാനമായ മലാക്ക , ഹോര്‍മൂസ് കടലിടുക്കുകള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് , ശ്രീലങ്ക, മാലിദ്വീപ് , മ്യാന്‍മര്‍ തുടങ്ങിയ ഇന്ത്യയുടെ അയല്‍പ്പക്ക രാജ്യങ്ങളിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന മുത്തുമാല ഇന്ത്യയെ ചുറ്റിവളയുന്ന ചൈനീസ് തന്ത്രമാണ്.

ശ്രീലങ്കയില്‍ ചൈന നിര്‍മ്മിച്ചിട്ടുള്ള ഹംബന്‍തോട്ട, പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖങ്ങള്‍ അവശ്യഘട്ടങ്ങളില്‍ ചൈനയുടെ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാണ്. ചൈനയുടെ ‘ഒരു മേഖല ഒരു പാത’ പദ്ധതി അധിനിവേശ കാശ്മീരിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള വെല്ലുവിളിയാണിത്. കരയിലൂടെയും കടലിലൂടെയും ഇന്ത്യയെ വളയുകയാണ് ചൈന ഇതിലൂടെ ലക്ഷ്യമിടുന്നത്.

Top