അക്‌സായ് ചിന്നില്‍ ചൈന സൈനിക സജ്ജീകരണങ്ങള്‍ വിപുലമാക്കുന്നതായി റിപ്പോര്‍ട്ട്

ന്ത്യയുമായുള്ള അതിര്‍ത്തി പ്രദേശമായ അക്‌സായ് ചിന്നില്‍ സൈനിക വിന്യാസത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ചൈന സജ്ജീകരണങ്ങള്‍ വിപുലമാക്കുന്നതായി റിപ്പോര്‍ട്ട്. പ്രദേശത്തെ റോഡുകള്‍, ഔട്ട്പോസ്റ്റുകള്‍, ക്യാമ്പുകള്‍ എന്നിവ വികസിപ്പിക്കുന്നതായി യുകെ ആസ്ഥാനമായുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് എന്നറിയപ്പെടുന്ന വിദഗ്ധ സംഘടനയായ ചാറ്റം ഹൗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ഒക്ടോബര്‍ മുതല്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

പ്രദേശത്തുള്ള റോഡുകള്‍ വികസിപ്പിച്ചതായും ഔട്ട്പോസ്റ്റുകള്‍, പാര്‍ക്കിങ് ഏരിയകള്‍, സോളാര്‍ പാനലുകള്‍, ഹെലിപാഡുകള്‍, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകള്‍ തുടങ്ങിയവയും അക്‌സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു

ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയുടെ അടിസ്ഥാന സൗകര്യങ്ങളിലുള്ള വിപുലപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ്ചാറ്റം ഹൗസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശത്തെ റോഡുകള്‍ വികസിപ്പിച്ചതും ഔട്ട്പോസ്റ്റുകള്‍, പാര്‍ക്കിങ് ഏരിയകള്‍, സോളാര്‍ പാനലുകള്‍, ഹെലിപാഡുകള്‍, കാലാവസ്ഥാ പ്രതിരോധ ക്യാമ്പുകള്‍ തുടങ്ങിയവയും അക്‌സായി ചിന്നിന്റെ ഉപഗ്രഹ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

അക്‌സായ് ചിന്‍ തടാകത്തിന് സമീപമുള്ള തര്‍ക്കപ്രദേശത്ത് പുതിയ ഹെലിപോര്‍ട്ട് നിര്‍മിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിക്കുന്നതിന് വേണ്ടിയുള്ള 18 ഹാംഗറുകളും ഹ്രസ്വ റണ്‍വേകളും ഈ സൗകര്യത്തില്‍ ഉള്‍പ്പെടുന്നു. ഇത്തരം സൗകര്യങ്ങള്‍ തര്‍ക്ക പ്രദേശത്തുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി തര്‍ക്കം മൂലം ആറു പതിറ്റാണ്ടിലെ ഏറ്റവും മോശമായ സാഹചര്യത്തിലേക്കാണ് നിലവില്‍ ഇന്ത്യ ചൈന ബന്ധം എത്തിയിരിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ 2020 ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടശേഷമാണ് ബന്ധം ഏറ്റവും വഷളാകുന്നത്. യഥാര്‍ഥ നിയന്ത്രണരേഖ (എല്‍എസി) നിലവിലുള്ള അസാധാരണമായ സാഹചര്യം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ അഭിപ്രായം.

 

Top