ഇന്ത്യയുടെ വഴിതടയാന്‍ ചൈന മ്യാന്‍മാറിലേക്കും; ഈ ‘മണി പവര്‍’ അപകടം പിടിച്ചത്!

ലോകത്ത് ചൈന നടത്തുന്ന അധിനിവേശങ്ങള്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ തലവേദനയാണ്. ചൈനയുടെ ആഗോള വിപുലീകരണം ഇന്ത്യക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. പ്രത്യേകിച്ച് പാകിസ്ഥാനുമായി കൈകോര്‍ക്കുന്ന ചൈനയ്ക്ക് ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ ഏറെ താല്‍പര്യവുമുണ്ട്. ഇന്ത്യയുമായി കരയില്‍ വലിയ തോതില്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് പുറമെ കടല്‍ അതിര്‍ത്തികളിലും ഇന്ത്യയുമായി നേര്‍ക്കുനേര്‍ വരികയാണ് ചൈന.

മ്യാന്‍മാറില്‍ വിശാലമായ വികസന അജണ്ടകളുമായാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 19 വര്‍ഷത്തിനിടെ ഏതെങ്കിലും ചൈനീസ് നേതാവിന്റെ ആദ്യ മ്യാന്‍മാര്‍ സന്ദര്‍ശനമാണിത്. നയതന്ത്ര ബന്ധത്തിന്റെ 70 വര്‍ഷങ്ങളുടെ വാര്‍ഷികാഘോഷത്തിന് സീ ജിന്‍പിംഗ് എത്തിയിരിക്കുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണ്.

മുസ്ലീം ന്യൂനപക്ഷങ്ങളെ (ഉയിഗുര്‍, റോഹിംഗ്യ) കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഇവരുടെ നിലപാട് പ്രധാന പ്രചോദനമാണെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുന്ന ചൈനയുടെ ബെല്‍റ്റ് & റോഡ് പദ്ധതിയില്‍ മ്യാന്‍മാറും പങ്കാളിയാണ്. പാക് അധീന കശ്മീരില്‍ ചൈന കൈവെയ്ക്കുന്നതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്.

മ്യാന്‍മാറുമായുള്ള സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലേക്ക് ചൈനയെ കൂടുതല്‍ അടുപ്പിക്കും. വടക്ക് ഇരിക്കുന്ന ചൈന നേപ്പാളിലേക്കും, ഭൂട്ടാനിലേക്കും കാല്‍നീട്ടുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമെ ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്‍മാര്‍ തീരത്ത് ചൈന തുറമുഖം വികസിപ്പിക്കുന്നതാണ് മറ്റൊരു ഭീഷണി. റോഹിംഗ്യകളെ ആട്ടിയോടിച്ച റാഖിനെ പ്രവിശ്യയിലാണ് ഈ തുറമുഖം വരുന്നത്.

മ്യാന്‍മാറിലെ പട്ടാള ഭരണത്തെ പിന്തുണച്ച് സമാധാനം വരാതെ നോക്കുന്ന ചൈനയുടെ പണത്തിന്റെ അഹങ്കാരം ചെറുക്കാന്‍ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണ്.

Top