കിഴക്കന്‍ ലഡാക്കിന് പുറമേ അരുണാചല്‍ അതിര്‍ത്തിയിലും കടന്നുകയറ്റത്തിന് ചൈന

ന്യൂഡല്‍ഹി: കിഴക്കല്‍ ലഡാക്കിന് പുറമെ അരുണാചല്‍ അതിര്‍ത്തിയായ നിയിഞ്ചിയിലും കടന്നുകയറ്റം നടത്താന്‍ ചൈന.പ്രതിരോധ നടപടികള്‍ തുടങ്ങിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദര്‍ശിക്കും.

അരുണാചല്‍ അതിര്‍ത്തിക്ക് സമീപം നിയിഞ്ചിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ട്, ഹെലിപോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തവാങ്, വലോക് എന്നിവിടങ്ങളില്‍ ചൈനീസ് നീക്കം ശ്രദ്ധയില്‍ പെട്ടതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൈന്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് അതിര്‍ത്തിയിലും കൂടുതല്‍ സേനാവിന്യാസം നടത്തി സുരക്ഷ ശക്തമാക്കുന്നുണ്ട്. കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. സുരക്ഷാ അവലോകനത്തിനായി ലെയില്‍ എത്തുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സേനാമേധാവി എം എം നരവാണെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പരിക്കേറ്റ സൈനികരെയും സന്ദര്‍ശിക്കും.

Top