തര്‍ക്ക ദ്വീപില്‍ ആന്റി ഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ച് ചൈന

ബെയ്ജിങ് : ചൈന തര്‍ക്കത്തിലുള്ള ദ്വീപില്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തയ്‌വാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഫെറി ക്രോസ് റീഫിലാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

വിയറ്റ്‌നാമിന്റെ സൈനിക പ്രതിരോധത്തെ നേരിടാനാണു ചൈനയുടെ നീക്കം. സ്വന്തം അധീനതയിലുള്ള പ്രദേശത്ത് എന്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരമുണ്ടെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ആന്റി ഫ്രോഗ്മാന്‍ റോക്കറ്റ് ലോഞ്ചര്‍ പ്രതിരോധ സംവിധാനമാണ് ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള നീക്കങ്ങളെ കണ്ടെത്താനും മറുപടി കൊടുക്കാനും ഈ സംവിധാനത്തിനു കഴിയും.

അതേസമയം, റോക്കറ്റ് ലോഞ്ചറുകള്‍ എന്നാണു സ്ഥാപിച്ചതെന്നു വ്യക്തമല്ല. എന്നാല്‍ 2014 മേയില്‍ വിയറ്റ്‌നാം മുങ്ങല്‍ വിദഗ്ധര്‍ ഫെറി ക്രോസ് ദ്വീപിനു സമീപമുള്ള പാരാസെല്‍ ദ്വീപില്‍ വലിയ മീന്‍ വലകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ദക്ഷിണ ചൈനാ കടലില്‍ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയര്‍സ്ട്രിപ് നിര്‍മിച്ചിട്ടുണ്ട്. കൃത്രിമമായി ദ്വീപ് വലുതാക്കുകയും ചെയ്തു. ദക്ഷിണ ചൈനാക്കടലില്‍ 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നാണു ചൈനയുടെ കണക്ക്. ഇതു കൈവശപ്പെടുത്താനാണു പ്രദേശത്ത് ചൈന അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

കടലിന്മേലുള്ള അവകാശത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചൈനയുടെ വാദം. ചൈനയെ കൂടാതെ ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തയ്‌വാന്‍, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കടലിന്‍മേല്‍ അവകാശവാദം ഉന്നയിക്കുന്നത്.

അതേസമയം, നടപടിയെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചു. സമുദ്രയാത്രയുടെ സ്വാതന്ത്ര്യമെന്ന ആവശ്യത്തെ ഉറപ്പിക്കാനായി നിശ്ചിത കാലയളവിലുള്ള നാവിക, വ്യോമ പട്രോളിങ്ങുകള്‍ ആവശ്യമാണെന്നും യുഎസ് പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം, പാരാസെല്‍ ദ്വീപിന്റെ ഭാഗമായ വൂഡി ദ്വീപില്‍ എച്ച്ക്യു – 9 മിസൈലുകള്‍ സ്ഥാപിച്ച് ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു.

Top