China-India In A New Face-Off After Incursion In Ladakh

ലഡാക്ക്: പാകിസ്താനില്‍ നിന്ന് ഇന്ത്യക്കെതിരെ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും പതിവാകുന്നതിനിടെ ലഡാക്കില്‍ പ്രകോപനവുമായി ചൈനയും.

ബുധനാഴ്ചയാണ് ചൈനീസ് സൈന്യം ലഡാക്കില്‍ അതിക്രമിച്ചു കടന്ന് ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നടന്നുവരുന്ന ജലസേചന കനാലിന്റെ നിര്‍മാണം തടഞ്ഞത്.

ലേയില്‍നിന്ന് 250 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുള്ള ദെംചോക് സെക്ടറിലാണ് ചൈനീസ് അതിക്രമമുണ്ടായത്. 55 അംഗ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ കനാലിന്റെ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്താന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) സ്ഥലത്തേക്ക് കുതിച്ചത്തെി.

നിയന്ത്രണരേഖയില്‍ ഇരുഭാഗത്തെയും സൈനികര്‍ നേര്‍ക്കുനേര്‍ നിന്നു. ചൈനീസ് സേനയെ നിയന്ത്രണരേഖയില്‍നിന്ന് ഒരിഞ്ച് മുന്നോട്ടുനീങ്ങാന്‍ 70 അംഗ ഐ.ടി.ബി.പി സംഘം അനുവദിച്ചില്ല.

പ്രദേശത്ത് നിര്‍മാണപ്രവൃത്തികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്ന നിബന്ധന ഇന്ത്യ ലംഘിച്ചതാണ് കനാല്‍ നിര്‍മാണം തടയാന്‍ കാരണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ആരോപണം തള്ളിയ ഇന്ത്യ അത്തരമൊരു നിബന്ധന ഇല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മാത്രമേ പരസ്പരം അനുമതി തേടേണ്ടതുള്ളൂവെന്നും വ്യക്തമാക്കി.

ഇന്തോ-ടിബറ്റന്‍ പൊലീസും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ബുധനാഴ്ച ഉച്ചമുതല്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇരു ഭാഗത്തും സൈനികര്‍ അണിനിരന്നത് പിരിമുറുക്കം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങവെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായത്.

ഇതിനിടെ മേഖലയില്‍ പടുകൂറ്റന്‍ വിമാനമിറക്കി ഇന്ത്യന്‍ സൈന്യം ശക്തി പ്രകടിപ്പിച്ചു. സി17 വിമാനമാണ് സമുദ്രനിരപ്പില്‍നിന്ന് 6,200 അടി ഉയരത്തിലുള്ള മേഖലയില്‍ ഇറക്കിയത്. ചൈന അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ ദൂരത്തിലാണ് വിമാനം ഇറക്കിയത്.

Top