അരുണാചലും അക്‌സായ് ചിനും സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന

ബെയ്ജിങ് : അരുണാചൽ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെടുന്നു.

തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‍ലി പത്രമാണ് റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുന്നു. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങൾക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്.

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.

അരുണാചൽ പ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. ‘‘ഇത് ആദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ഇതിനകം അപലപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഇതേപോലെ കണ്ടുപിടിച്ച പേരുകൾ അടിച്ചേൽപ്പിക്കുന്നത് യാഥാർഥ്യത്തെ മാറ്റില്ല’’ – അദ്ദേഹം പറഞ്ഞു.

Top