ചൈന എവര്‍ഗ്രാന്‍ഡെ തകർച്ചയിൽ; ലോകത്തിലെ അതിസമ്പന്നര്‍ക്ക് കോടികളുടെ നഷ്ടം

മുംബൈ: ചൈനയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ലോകത്തിലെ അതിസമ്പന്നര്‍ക്ക് ഒറ്റദിവസം കൊണ്ട് ഉണ്ടായത് കോടികളുടെ നഷ്ടം. അതിസമ്പന്ന പട്ടികയിലെ 500 പേര്‍ക്ക് 135 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണ് തിങ്കളാഴ്ചത്തെ മാത്രം കണക്ക്.

കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടത് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനാണ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തി 198 ബില്യണ്‍ ഡോളറായി മാറി. 7.2 ബില്യണ്‍ ഡോളറിന്റെ തിരിച്ചടിയാണ് മുസ്‌കിനുണ്ടായത്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനാകട്ടെ 5.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. അദ്ദേഹത്തിന്റെ ആസ്തി 194.2 ബില്യണായി മാറി.

ചൈനയില്‍ നിന്നുള്ള ആഗോള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ കടത്തില്‍ മുങ്ങിയതാണ് കാരണം. കമ്പനി തകര്‍ച്ചയിലാണെന്ന് അറിഞ്ഞതോടെ ആഗോള ഓഹരി വിപണികളില്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിയുകയാണ് ഇടപാടുകാര്‍.

300 ബില്യണ്‍ ഡോളര്‍ ബാധ്യതയാണ് എവര്‍ഗ്രാന്‍ഡെ കമ്പനിക്കുള്ളത്. ഈയാഴ്ച കൊടുക്കേണ്ട കുടിശ്ശിക കൊടുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ സഹായമില്ലാതെ ഇനി കമ്പനിക്ക് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. ലോകത്ത് ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്.

Top