യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന

ബെയ്ജിങ്: ചൈനയിലെയും ഹോങ്കോങ്ങിലെയും യുഎസ് നയതന്ത്ര പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. കഴിഞ്ഞ വര്‍ഷം ചൈനയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് യുഎസ് ചുമത്തിയ നിയന്ത്രണങ്ങള്‍ക്ക് നീതിയുക്തമായ മറുപടി എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.

ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയിലും ചൈനയിലുട നീളമുള്ള കോണ്‍സുലേറ്റുകളിലുമുള്ള മുതിര്‍ന്ന പ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് ഉദ്യോഗസ്ഥര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് വെള്ളിയാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പേര് വെളിപ്പെടുത്താത്ത ചൈനീസ് വിദേശകാര്യവക്താവ് വ്യക്തമാക്കി. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വിനിമയവും സഹവര്‍ത്തിത്വവും തുടരുമെന്നും
കഴിഞ്ഞ ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യുഎസ് നീക്കം ചെയ്യുന്ന പക്ഷം ചൈനയും അവ ഒഴിവാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ചൈനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ യുഎസില്‍ നടത്തുന്ന യാത്രകള്‍, അമേരിക്കയിലെ ചൈനീസ് വംശജരും ചൈനീസ് വിദ്യാര്‍ഥികളുമായി നടത്തുന്ന കൂടിക്കാഴ്ച എന്നിവ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയിക്കണമെന്ന് യുഎസ് നിര്‍ദേശം നിലവിലുണ്ട്. ചൈനയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ക്ക് യുഎസ് മാധ്യമങ്ങളോട് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതേ സമയം ചൈനയിലെ യുഎസ് പ്രതിനിധികള്‍ക്ക് വിലക്കുണ്ടെന്നും വാഷിങ്ടണ്‍ കുറ്റപ്പെടുത്തി.

Top