ചൈനീസ് ആപ്പുകളുടെ നിരോധനം; നടപടി ഇന്ത്യ തിരുത്തണമെന്ന് ചൈന

ബയ്ജിങ്: ചൈനീസ് കമ്പനികള്‍ക്കെതിരായ വിവേചനപരമായ നടപടികള്‍ ഇന്ത്യ ഉടന്‍ തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ചൈന.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെതിരെ ചൈന നിയന്ത്രണമോ വിവേചനപരമോ ആയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വക്താവ് ഗാവോ ഫെങ് പറഞ്ഞു. ഇന്ത്യയുടെ നടപടികള്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ഗവോ കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ വിഷയം മുന്‍നിര്‍ത്തി വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക്, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്.ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളില്‍ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു.

Top