ആദ്യം പുതപ്പും കമ്പിളിയും, വ്യാപാരം പിന്നാലെ; അഫ്ഗാന് ചൈനീസ് സഹായമെത്തി

കാബൂള്‍: ചൈനയില്‍ നിന്നുള്ള പുതപ്പുകളും കമ്പിളി വസ്ത്രങ്ങളും അടങ്ങിയ ആദ്യസഹായം ബുധനാഴ്ച കാബൂളിലെത്തി. ഇത് അഭയാര്‍ത്ഥികളുടെ ആക്ടിംഗ് മന്ത്രിക്ക് സമര്‍പ്പിച്ചതായി ഖമാ പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ശൈത്യകാലം അടുക്കുന്നതിനാല്‍, അഫ്ഗാനില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികള്‍ക്ക് ഉടന്‍ സഹായം വിതരണം ചെയ്യും. ആക്ടിംഗ് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി ഞായറാഴ്ച ചൈനീസ് അംബാസഡര്‍ വാങ് യുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, മാനുഷിക സഹായം ഏകോപിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ദുരിതബാധിതര്‍ക്ക് മന്ത്രാലയം മുഖേന സഹായമെത്തിക്കും.

നേരത്തെ, അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 1.5 മില്യണ്‍ ഡോളര്‍ നിരുപാധിക സഹായവും ഒരു ദശലക്ഷം ഡോസ് കൊറോണ വാക്സിനുകളും നല്‍കുമെന്ന് ചൈന വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതിനുശേഷം, ഈ സംഘടനയുമായി ഇടപഴകുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന

അതേസമയം, ഭാവിയില്‍ വലിയ നിക്ഷേപങ്ങള്‍ക്കായി താലിബാന്‍ ഭരണകൂടം ചൈനയെ ഉറ്റുനോക്കുന്നു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ (സിപിഇസി) ചേരാന്‍ സംഘം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് നേരത്തെ പറഞ്ഞിരുന്നു. 2018 മുതല്‍ അഫ്ഗാനിസ്ഥാനില്‍ സാധ്യമായ പദ്ധതികളെക്കുറിച്ച് ചൈന താലിബാനെ സമീപിക്കുകയാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Top