ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ ഇന്ത്യന്‍ വിമാനത്തെ കുറിച്ച് വിവരമൊന്നുമില്ലെന്ന് ചൈന

ബെയ്ജിങ്: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വിമാനത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ചൈന.

പരിശീലനപ്പറക്കലിനിടെ ചൊവ്വാഴ്ച രാവിലെ 11.30യോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. രണ്ടു പൈലറ്റുമാരും കാണാതായ സുഖോയ് പോര്‍വിമാനത്തില്‍ ഉണ്ടായിരുന്നു.

നിലവില്‍ വിമാനത്തെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നും ഇന്ത്യയും നിലവിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.

Top