അതിര്‍ത്തിയില്‍ ഗ്രാമം കെട്ടിപ്പൊക്കി ആഢംബര ജീവിതം, ഇന്ത്യക്കാരെ വശീകരിക്കാന്‍ ചൈനീസ് തന്ത്രം

ഗാന്ധിനഗര്‍: അതിര്‍ത്തിയില്‍ ഗ്രാമം കെട്ടിപ്പൊക്കി ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാന്‍ ശ്രമവുമായി ചൈന. 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിര്‍മ്മിച്ചതായാണ് വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗണ്‍സിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന നിര്‍മ്മിച്ച ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാര്‍ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ ആഢംബര ജീവിതരീതി ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേര്‍ക്കുന്നു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ, ഇന്റലിജന്‍സ് ഓപ്പറേഷനാണ്. അവര്‍ ഇന്ത്യക്കാരായ പ്രദേശവാസികളെ ഇന്ത്യയ്‌ക്കെതിരെയാക്കി മാറ്റുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാന്‍ വേണ്ടി പൊലീസുകാര്‍ക്ക് ട്രെയിനിങ് നല്‍കുന്നുണ്ടെന്നും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കൗണ്‍സില്‍ അംഗം കൃഷ്ണ വര്‍മ പറഞ്ഞു.

സാങ്കേതിക രംഗത്ത് ചൈന ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയില്‍. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിലെ രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയില്‍ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനാല്‍ തന്നെ, പ്രദേശവാസികളെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരാക്കാന്‍ തങ്ങള്‍ ചൈനീസ് ഭാഷയായ മന്ദരി പഠിപ്പിച്ചു വരികയാണെന്നും, രാഷ്ട്രീയ രക്ഷാ സര്‍വകലാശാല ഇതിനായി ഒരു വര്‍ഷത്തെ കോഴ്സ് നല്‍കുന്നുണ്ട്. ഇത് ഈ ഭാഷയുമായി ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. വൈകാതെ തന്നെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശാനുസരണം അഞ്ചു വര്‍ഷത്തെ കോഴ്സാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

Top