ഇന്ത്യന്‍ സൈന്യം ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിംഗ്: യുദ്ധത്തിനു തയാറാണെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ചൈന.

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ഇന്ത്യന്‍ സൈന്യം ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. 1962-ലെ യുദ്ധത്തെ പരാമര്‍ശിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്.

ഡോംഗ്ലോംഗ് പ്രദേശത്ത് ഇന്ത്യയുടെ കൈയേറ്റം എന്ന പേരില്‍ ഒരു ചിത്രവും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാംഗ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ചൈന വ്യക്തമാക്കി.

അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന ആവശ്യപ്പെടുന്നു. പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗവും ചര്‍ച്ചകള്‍ക്കുള്ള അടിസ്ഥാനവും ഇതാണ്- ചൈനീസ് വക്താവ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കുള്ള നയതന്ത്ര വഴികള്‍ തടസമില്ലാതെ അവിടെതന്നെയുണ്ട്. ഇന്ത്യ കടന്നുകയറിയെന്ന് ആരോപിക്കുന്ന ചിത്രങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വക്താവ് അറിയിച്ചു.

സിക്കിമിലെ റോഡ് നിര്‍മാണത്തെ വിമര്‍ശിച്ച ഇന്ത്യയ്ക്കു മറുപടിയുമായി ചൈന രംഗത്തെത്തിയിരുന്നു. റോഡ് നിര്‍മിക്കുന്നത് ഇന്ത്യയുടെയോ ഭൂട്ടാന്റെയോ ഭാഗമായ പ്രദേശത്തല്ലെന്നും പൂര്‍ണമായും തങ്ങളുടെ അധീനതയിലുള്ള ഭാഗത്തായതിനാല്‍ നിയമാനുസൃതമാണെന്നുമാണു ചൈനയുടെ വാദം. ഭൂട്ടാന്റെ കൈവശമുള്ള സിക്കിം മേഖലയിലെ ഡോംഗ്ലാംഗിലാണ് ഇന്ത്യ റോഡ് നിര്‍മിക്കുന്നതെന്നു ചൈന ആരോപിച്ചിരുന്നു.

ഇന്ത്യ-ചൈന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൈലാസ്-മാനസസരോവര്‍ തീര്‍ഥാടനത്തിനു പോകുന്ന ഇന്ത്യക്കാര്‍ക്ക് ചൈന വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലും അതിര്‍ത്തി സംബന്ധിച്ച തീരുമാനം ചൈനയും സിക്കിമും അംഗീകരിച്ചതിനാലുമാണ് 2015-ല്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി നാഥുല ചുരം തുറന്നുകൊടുത്തത്.

രണ്ടുവര്‍ഷം ഇതിലൂടെ തീര്‍ഥാടകര്‍ പ്രശ്‌നങ്ങളില്ലാതെ യാത്രചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ചൈനീസ് അധികൃതര്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയും ചെയ്തു.

എന്നാല്‍ അടിയന്തര സാഹചര്യങ്ങളെത്തുടര്‍ന്ന് ചുരം അടയ്ക്കുകയായിരുന്നു. അതിനിടെ സിക്കിമിലെ ഇന്ത്യ, ഭൂട്ടാന്‍, ചൈന അതിര്‍ത്തിയിലെ ഇന്ത്യയുടെ പഴയ ബങ്കര്‍ ചൈന പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ടുണ്ട്.

Top