China Finishes Building World’s Largest Radio Telescope

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ടെലസ്‌കോപ്പ് ചൈനയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

നക്ഷത്രങ്ങളില്‍ നിന്നും ഗ്യാലക്‌സികളില്‍ നിന്നുമുള്ള സിഗ്‌നലുകള്‍ക്കായി ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് തിരച്ചില്‍ തുടങ്ങി. അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗമാണ്.

വലിയ ഡിഷിനകത്ത് 4450തോളം പാനലുകള്‍ സ്ഥാപിച്ചാണ് ഭീമന്‍ റേഡിയോ ടെലസ്‌കോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ നിര്‍മിച്ച കൂറ്റന്‍ ടെലസ്‌കോപ്പ് ഗുയിസോവു പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

30 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പം വരും ഈ റേഡിയോ ടെലസ്‌കോപ്പിന്. അഞ്ച് വര്‍ഷം കൊണ്ടാണ് ടെലസ്‌കോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2011 മാര്‍ച്ചിലാണ് നിര്‍മാണം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് പ്രവര്‍ത്തനം ആരംഭിച്ചതായി അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേഷന്‍ അധികൃതര്‍ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 1000 പ്രകാശവര്‍ഷം അകലെ എന്തെങ്കിലും തരത്തിലുള്ള റേഡിയോ ട്രാന്‍സ്മിഷന്‍ നടക്കുന്നുണ്ടെങ്കില്‍ റേഡിയോ ടെലസ്‌കോപ്പ് കണ്ടുപിടിക്കും.

നിഗൂഢ ശബ്ദങ്ങളും തരംഗങ്ങളും സിഗ്‌നലുകളും കണ്ടെത്താന്‍ റേഡിയോ ടെലസ്‌കോപ്പ് കൊണ്ട് കഴിയും.ജീവന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനും, അന്യഗ്രഹജീവികളെക്കുറിച്ചുള്ള പഠനത്തിനും ടെലസ്‌കോപ്പ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

കെപ്ലര്‍ ടെലസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ടെലസ്‌കോപ്പ് രൂപകല്‍പ്പന ചെയ്തത്.

Top