ലഡാക്ക് സംഘര്‍ഷം; കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധം

വാഷിങ്ടണ്‍ ഡി.സി: ലഡാക്ക് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ വിവരങ്ങള്‍ ഭരണകൂടം പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മരണപ്പെട്ടവരുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ച ചൈനീസ് ഭരണകൂടത്തിന്റെ നടപടിയാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.

രാജ്യത്തെ സമൂഹ മാധ്യമമായ വൈബോ വഴിയാണ് ആളുകള്‍ പ്രതികരിക്കുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യു.എസ് ആസ്ഥാനമായ ബ്രീറ്റ്ബാര്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷത്തില്‍ മരിച്ച ഏതാനും സൈനിക ഓഫീസര്‍മാരുടെ പേരില്‍ ചൈനീസ് ഭരണകൂടം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടതായി ചൈന സ്ഥിരീകരിക്കുകയും ചെയ്തു. മരണവും ഗുരുതര പരിക്കുമടക്കം 43ലധികം സൈനികര്‍ക്ക് അത്യാഹിതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച ചൈനീസ് സ്റ്റേറ്റ് മീഡിയ എഡിറ്റര്‍ ഹു ഷീജിന്‍, അവരുടെ എണ്ണം പുറത്തുവിട്ടിരുന്നില്ല. ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ അടക്കം 20 സൈനികരുടെ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. കൂടാതെ, മൃതദേഹങ്ങള്‍ സ്വദേശത്ത് എത്തിക്കുകയും സൈനിക ബഹുമതിയോടെ മറവ് ചെയ്യുകയും ചെയ്തിരുന്നു. ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈന്യം പിടികൂടിയ 10 ഇന്ത്യന്‍ സൈനികരെ മോചിപ്പിച്ചിട്ടുണ്ട്.

Top