അതിർത്തി പുകയുന്നു; ചൈനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നേരെ ?

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെ ചൈന വ്യോമതാവളം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പാംഗോങ് തടാകത്തില്‍നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള വ്യോമതാവളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ മുഖാമുഖം എത്തിയിരുന്നു .

രഹസ്യാന്വേഷണ വിദഗ്ധരായ ഡിട്രെസ്ഫയാണ് രണ്ടു ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ടിബറ്റിലെ നഗരി ഗുന്‍സ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ആദ്യ ചിത്രം ഏപ്രില്‍ ആറിനും രണ്ടാം ചിത്രം മേയ് 21നും എടുത്തതാണ്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്‌സി ട്രാക്കിന്റെ നിര്‍മാണം ഇവിടെ തുടരുകയാണ്. മൂന്നാമത്തെ ചിത്രം വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടേതാണ്. ഇതില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നാലു യുദ്ധവിമാനങ്ങള്‍ അണിനിരന്നേക്കുന്നതും വളരെ വ്യക്തമാണ്. ജെ 11, ജെ 16 വിമാനങ്ങളാണിതെന്നാണു വിലയിരുത്തല്‍.

ജെ11/ജെ16 വിമാനങ്ങള്‍ റഷ്യന്‍ സുഖോയ് 27 വിമാനങ്ങളുടെ വകഭേദങ്ങളാണ്. ഇന്ത്യയുടെ സുഖോയ് 30മായി ചേരുന്നവയുമാണിത്. 2019 ഡിസംബറിലാണ് യുദ്ധവിമാന വിന്യാസം ആദ്യമായി ഇവിടെ കണ്ടെത്തിയതെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നില്‍ സ്ഥിതി ചെയ്യുന്നതാണ് നഗരി ഗുന്‍സ വിമാനത്താവളം. സൈനിക, സിവില്‍ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണിത്. നിയന്ത്രണരേഖയ്ക്ക് അടുത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

അതേസമയം, ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയോടു ചേര്‍ന്ന് ആയിരക്കണക്കിന് ചൈനീസ് സേനാംഗങ്ങളാണ് വിന്യാസമുറപ്പിച്ചിരിക്കുന്നത്. പാംഗോങ് ട്‌സോ തടാകം, ഗാല്‍വന്‍ താഴ്വര, ഡെംചോക് എന്നിവിടങ്ങളില്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാന്‍ ഇന്ത്യയും ചൈനയും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിര സൈനികമായി ഒരുങ്ങിയിരിക്കാന്‍ മോദി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സേനാ മേധാവികളുമായും മോദി ചര്‍ച്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണു സൂചനകള്‍. എന്നാല്‍, പോരാട്ടമികവു വര്‍ധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുന്‍പേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങള്‍. നേരത്തേ സേനാ മേധാവികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചര്‍ച്ച നടത്തിയിരുന്നു.

Top