ബിബിസി പ്രതിനിധിയെ നിർബന്ധിച്ച് തായ്വാനിലേക്ക് മാറ്റി ചൈന

ബ്രസ്സൽസ്: വിദേശ മാദ്ധ്യമപ്രവർത്തകരോടുളള ചൈനയുടെ സമീപനത്തിൽ പ്രതിഷേധിച്ച് നിലപാട് കടുപ്പിക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ. ചൈനീസ് അധികൃതരുടെ പീഡനങ്ങൾ സഹിക്കാൻ പറ്റാതെ ബിബിസി ലേഖകനും ഭാര്യയ്ക്കും തായ് വാനിലേക്ക് മാറേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയന്റെ നീക്കം.

യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയരൂപീകരണ സമിതി മേധാവി ജോസെഫ് ബോറലാണ്  മാദ്ധ്യമപ്രവർത്തകർക്ക് മേൽ ചൈന നടത്തുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. ചൈനയിൽ മാദ്ധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും യാതൊരു വിലയും നൽകുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹം ചൈനയുടെ നയങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും ജോസെഫ് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

ബിബിസി ലേഖകൻ ജോൺ സുഡ്വർത്തും അദ്ദേഹത്തിന്റെ അയർലന്റുകാരിയായ ഭാര്യയുമാണ് തായ്വാനിലേക്ക് മാറിയത്. ചൈനീസ് അധികൃതരിൽ നിന്നുളള നിരന്തരമായ നിയമനടപടികളുടെയും സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിലാണ് ജോൺ സുഡ്വർത്തും ഭാര്യയും രാജ്യം വിട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മാദ്ധ്യമപ്രവർത്തകയാണ്. കഴിഞ്ഞ വർഷം മാത്രം 18 മാദ്ധ്യമപ്രവർത്തകരെയാണ് ചൈന രാജ്യത്ത് നിന്നും പുറത്താക്കിയത്.

ചൈനയുടെ കൊറോണ പ്രതിരോധത്തിലെ വീഴ്ചയും ഹോങ്കോംഗും ഉൾപ്പെടെയുളള വിഷയങ്ങളിൽ ബിബിസിയുടെ റിപ്പോർട്ടിംഗ് രീതികളെ ചൈന നിശിതമായി എതിർത്തിരുന്നു. ചൈനയ്ക്ക് താൽപര്യമുളള രീതിയിൽ വാർത്തകൾ വളച്ചൊടിക്കാനും റിപ്പോർട്ട് ചെയ്യാനുമായി വിദേശമാദ്ധ്യമപ്രവർത്തകർക്ക് മേൽ ശക്തമായ സമ്മർദ്ദമാണ് അധികൃതർ നടത്തുന്നത്.

അതേസമയം യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ഉന്നയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. 9 വർഷമായി ചൈനയിൽ താമസിച്ചിരുന്ന ബി.ബി.സി പ്രതിനിധിയും കുടുംബവും തായ്‌വാനിലേയ്ക്ക് താമസം മാറിയെന്നാണ് ചൈനയുടെ വിശദീകരണം.

കഴിഞ്ഞ ഒരു മാസമായി അമേരിക്ക, കാനഡ, ബ്രിട്ടൺ എന്നിവർക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും സിൻജിയാംഗ് മേഖലയിലെ ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വിവിധ മേഖലകളിലെ യൂറോപ്യൻ പ്രതിനിധികളെ അവഹേളിക്കുകയും ചൈനയിലെത്തിയാൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ബിജിംഗ് പയറ്റുന്നത്.

Top