സമുദ്രനിരപ്പില്‍ നിന്നും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്ന പ്രത്യേക ആയുധങ്ങളുമായി ചൈന

ന്യൂഡല്‍ഹി: ടൈപ്പ് 15 ടാങ്ക്, ഇസെഡ്-20 ഹെലികോപ്റ്റര്‍, ജിജെ-2 ഡ്രോണ്‍ എന്നിവ ചൈന കൂടുതലായി വികസിപ്പിച്ചിരുന്നുവെന്നു റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള മേഖലകളില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ ചൈനയ്ക്ക് ഏറെ മുന്‍തൂക്കം നല്‍കുന്നതാണ് ഈ ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെയാണ് ആയുധങ്ങളെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് വന്നത്. ഈ ആയുധങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. എന്നാല്‍ അതിവേഗത്തില്‍ ഈ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണു സൂചന.

ടൈപ്പ് 15 ടാങ്കും ചൈനയുടെ അത്യാധുനിക വെടിക്കോപ്പായ പിസിഎല്‍-181 ഹവിറ്റ്സറും വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റന്‍ പ്രദേശത്ത് ജനുവരിയില്‍ നടന്ന സൈനികഅഭ്യാസത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 105 എംഎം തോക്കും അത്യാധുനിക സെന്‍സറുകളും സജ്ജമാക്കിയ ടൈപ്പ് 15 ടാങ്കുകള്‍ മേഖലയില്‍ ശത്രുവിന്റെ കവചിത വാഹനങ്ങള്‍ തകര്‍ക്കാനാണ് ഉപയോഗിക്കുന്നത്. 2018-ലെ ചൈന എയര്‍ഷോയിലാണ് ചൈനീസ് വ്യോമസേന ആയുധസജ്ജമായ ജിജെ-2 ഡ്രോണുകള്‍ പ്രദര്‍ശിപ്പിച്ചത്.

ജിജെ ഒന്നിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാനും കൂടുതല്‍ ആയുധങ്ങള്‍ വഹിക്കാനുമുള്ള ശേഷി ഇതിനുണ്ട്. ടിബറ്റ് ഉള്‍പ്പെടെ ഏറെ ഉയരമുള്ള പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീണ്ട അതിര്‍ത്തിയില്‍ പട്രോളിങ്ങിനാണ് ഈ ഡ്രോണ്‍ എത്തിച്ചിരിക്കുന്നത്. ജനുവരിയില്‍ നടന്ന പ്രദര്‍ശനത്തില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ടിബറ്റ് മിലിട്ടറി കമാന്‍ഡ് പ്രത്യേകം സജ്ജമാക്കിയ ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, മിസൈല്‍വേധ സംവിധാനങ്ങള്‍ എന്നിവയാണ് ടിബറ്റന്‍ മേഖലയില്‍ വിന്യസിച്ചിരുന്നതെന്ന് ചൈനീസ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top