വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റൈൻ അവസാനിപ്പിച്ച് ചൈന

ബെയ്ജിം​ഗ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി എട്ട് മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്റീൻ. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അതേസമയം ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്.

ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം

Top