ഭീകരതക്കെതിരായ ഇന്ത്യന്‍ പോരാട്ടത്തിന് ചൈനയുടെയും റഷ്യയുടെയും പിന്തുണ

വുഴെന്‍ (ചൈന): ഭീകരവാദത്തിനെതിരായ നീക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് ചൈന. ഭീകരവാദത്തില്‍ ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ച ചൈന ഭീകരസംഘടനകളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ രാഷ്ട്രീയ, രാഷ്ട്രതന്ത്രങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും പറഞ്ഞു. റിക് (റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളുടെ 16-ാം യോഗത്തിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്.

‘യുഎന്നിന്റെ നേതൃത്വത്തിലുള്ള ആഗോള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ രാജ്യാന്തര സമൂഹത്തെ ആഹ്വാനം ചെയ്യണം. യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ആദരിച്ചുകൊണ്ട് രാജ്യാന്തര നിയമം നടപ്പാക്കണം’ സംയുക്ത പ്രസ്താവനയില്‍ റിക് രാജ്യങ്ങള്‍ അറിയിച്ചു. അല്‍ ഖായിദ തുടങ്ങിയ ഭീകരസംഘടനകളുമായി പോരാട്ടം തുടരുന്ന ലിബിയയ്ക്കുള്ള പിന്തുണയും മൂന്ന് രാജ്യങ്ങളും അറിയിച്ചു.

റിക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യും, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും ആണ് യോഗത്തിനെത്തിയത്. ചൈനയിലാണ് യോഗം നടന്നത്.

Top