പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന

ബെയ്ജിങ്: അപകടകാരികളായ 8 വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍.ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്-എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.മനുഷ്യരിലേക്കു വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 2017-2021 കാലയളവില്‍ ഹെയ്‌നാന്‍ ദ്വീപിലെ മൂഷികവര്‍ഗത്തില്‍ നിന്നെടുത്ത 682 സാംപിളുകളില്‍ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്.

മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്ന ഫ്‌ലാവിവൈറസുകളുടെ കുടുംബത്തില്‍ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്‌ട്രോ , പാര്‍വോ, ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളില്‍പെടുന്നവയാണു വൈറസുകള്‍. ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്‌ലിയാണ് ജേണലിന്റെ എഡിറ്റര്‍.

Top