മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍; പുത്തൻ അതിവേഗ ട്രെയിനുമായി ചൈന

ണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പുത്തൻ ട്രെയിനുമായി ചൈന. ട്രെയിന്റെ പ്രോട്ടോടൈപ്പാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. സൗത്ത്‌വെസ്റ്റ് ജിയോങ്‌ടോങ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ അതിവേഗ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ട്രെയിനുകളെ പോലെ ചക്രങ്ങള്‍ ഇല്ലെന്നതാണ് ഈ അതിവേഗ ട്രെയിനിന്റെ പ്രത്യേകത. കാന്തങ്ങളുടെ സഹായത്തോടെ ട്രാക്കിലൂടെ നീങ്ങുന്ന ഇതിനെ മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഹൈ-ടെമ്പറേച്ചര്‍ സൂപ്പര്‍കണ്ടക്ടിങ്ങ് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ഒരുക്കിയിരിക്കുന്നത്. കാന്തത്തിന്റെ സഹായത്തോടെ ട്രാക്കിലൂടെ നീങ്ങുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും ചക്രങ്ങള്‍ ഉപയോഗിച്ചുള്ള ട്രെയിനില്‍ അനുഭവപ്പെടുന്ന ഘര്‍ഷണം ഇതില്‍ ഉണ്ടാവില്ലെന്നും ഉത്പാദകർ അവകാശപ്പെടുന്നുണ്ട്.

സൂപ്പര്‍കണ്ടക്ടര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഈ ട്രെയിന്‍ പരമ്പരാഗത ട്രെയിനുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണെന്ന് ഔദ്യോഗിക മാധ്യമമായ സില്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. 69 അടി നീളമുള്ള ഈ ഹൈ സ്പീഡ് ട്രെയിന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ചൈനയില്‍ പ്രദര്‍ശിപ്പിച്ചത്. ഇത് ട്രാക്കില്‍ പരീക്ഷണയോട്ടവും നടത്തിയിരുന്നു. നിലവില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ പ്രോട്ടോടൈപ്പാണ് അവതരിപ്പിച്ചിട്ടുള്ളത്.

അടുത്ത മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാളയളവില്‍ ഈ ട്രെയിന്‍ സര്‍വീസിനായി ട്രാക്കിലെത്തുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍ ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന.

Top