കൊറോണയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ ‘കളി’; വിമാനങ്ങള്‍ക്ക് ക്ലിയറന്‍സ് വൈകിക്കുന്നു

കൊറോണാവൈറസ് പടര്‍ന്നുപിടിച്ച ഹുബെയ് പ്രവിശ്യയിലേക്ക് മെഡിക്കല്‍, ആശ്വാസ സപ്ലൈ എത്തിക്കാനും, നൂറോളം ഇന്ത്യന്‍ പൗരന്‍മാരെ തിരികെ എത്തിക്കാനും സജ്ജമായി നില്‍ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വിമാനത്തില്‍ ക്ലിയറന്‍സ് വൈകിപ്പിച്ച് ചൈനീസ് അധികൃതര്‍. ഈ വൈകിപ്പിക്കല്‍ അധികൃതര്‍ മനഃപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെബ്രുവരി 21ന് ഹുബെയുടെ തലസ്ഥാനമായ വുഹാനിലേക്ക് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി17 ഗ്ലോബ്മാസ്റ്റര്‍ അയയ്ക്കാനാണ് ഇന്ത്യ പദ്ധതിയിട്ടത്. എന്നാല്‍ ചൈനീസ് അധികൃതരുടെ ക്ലിയറന്‍സ് ലഭിക്കാതെ വന്നതോടെ വിമാനത്തിന്റെ യാത്ര വൈകുകയാണ്. റിലീഫ് സപ്ലൈ എത്തിക്കുന്നതോടൊപ്പം വുഹാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും ഒരുങ്ങുന്ന വിമാനത്തിന് ഇതുവരെ ചൈനീസ് സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കിയിട്ടില്ലെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.

‘രക്ഷാപ്രവര്‍ത്തനം നടത്തുന്ന വിമാനത്തിന് ചൈനീസ് വിഭാഗം മനഃപ്പൂര്‍വ്വം ക്ലിയറന്‍സ് നല്‍കാതെ വൈകിപ്പിക്കുകയാണ്. യാതൊരു തടസ്സവുമില്ലെന്ന് വെള്ളിയാഴ്ചയും അവര്‍ അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ ക്ലിയറന്‍സ് നല്‍കിയതുമില്ല’, ശ്രോതസ്സ് വ്യക്തമാക്കി. കൊറോണ വൈറസുമായി പോരാടുന്ന ചൈനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗിന് കത്തയച്ചിരുന്നു.

ഇതിന് പുറമെ ആശ്വാസ നടപടികളുടെ ഭാഗമായി അവശ്യവസ്തുക്കളും ഇന്ത്യ അയച്ചുനല്‍കി. ഇന്ത്യയില്‍ തന്നെ കുറവ് നേരിടുന്ന വസ്തുക്കള്‍ ആയിരുന്നിട്ട് കൂടി അവശ്യസമയത്ത് സഹായം നല്‍കുകയെന്നതിന്റെ ഭാഗമായാണ് ഇവ നല്‍കിയത്. ഗ്ലൗസ്, സര്‍ജിക്കല്‍ മാസ്‌ക്, ഫീഡിംഗ്, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ഡീഫിബ്രിലേറ്ററുകള്‍ തുടങ്ങിയവയാണ് ഇന്ത്യ ചൈനയ്ക്ക് അയച്ചത്.

Top