ചൈന 2 വര്‍ഷത്തിനിടയില്‍ കൊലപ്പെടുത്തിയത് 12 യുഎസ് രഹസ്യാന്വേഷണ ജീവനക്കാരെ

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ജീവനക്കാരെ കൊലപ്പെടുത്തി ചൈനയുടെ പ്രതിരോധം.

2010-12 കാലത്ത് 12 അമേരിക്കന്‍ സിഐഎ ഉദ്യോഗസ്ഥര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്തുവിട്ടത്.

വര്‍ഷങ്ങള്‍ കൊണ്ട് ഒരുക്കിയ അമേരിക്കന്‍ ചാരവലയത്തെ കുറിച്ച് ചൈനയ്ക്ക് അറിവു ലഭിച്ചത് എങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും കൃത്യമായ അറിവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ ചാരന്‍മാരെ കൃത്യമായി തിരഞ്ഞുപിടിക്കാന്‍ ചൈനയ്ക്ക് സിഐഎയുടെ അകത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നു. അല്ലെങ്കില്‍ സിഐഎ വെബ്‌സൈറ്റ് ചൈന ഹാക്ക് ചെയ്തിരിക്കാമെന്നും ഇവര്‍ സംശയം പ്രകടിപ്പിച്ചു.

ഇതിലൊരാള്‍ സഹപ്രവര്‍ത്തകന്റെ കണ്‍മുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ധാരാളം പേരെ ജയിലില്‍ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന 18 മുതല്‍ 20 വരെ ആളുകള്‍ ജയിലിലാണ്. ചാരവൃത്തിക്കേസില്‍ അമേരിക്കന്‍ വനിതയ്ക്കു ചൈനീസ് കോടതി ഏപ്രിലില്‍ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്‌സസില്‍നിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാന്‍ഡ് ഫാന്‍ ഗിലിസിനാണ് മൂന്നര വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവര്‍ അറസ്റ്റിലായത്.

അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാല്‍ ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്നു അമേരിക്ക സമ്മതിക്കുന്നു. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ട്.

Top