ചൈനയില്‍ 14 പുതിയ കോവിഡ് കേസുകള്‍; ആകെ രോഗബാധിതര്‍ 82,901

ബെയ്ജിങ്: ചൈനയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 28-ന് ശേഷം ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ലോ റിസ്‌ക് പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

14 കോവിഡ് കേസുകളില്‍ 11 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഷുലാനിലാണ്. മെയ് ഏഴിനാണ് ഇവിടെ ഒരു സ്ത്രീക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കുകൂടി കോവിഡ് 19 ആയതായി സ്ഥിരീകരിക്കുകയായിരുന്നു.

ലോകരാജ്യങ്ങളെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊലയാളി കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് ശേഷം ആദ്യമായാണ് ഇവിടെ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ മെയ് 9 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 82,901 ആണ്. ഇവിടെ 4,633 പേരാണ് രോഗത്തെ തുടര്‍ന്ന് മരിച്ചത്.

Top