തീവ്രവാദികളുടെ ‘സഹായി’; പാകിസ്ഥാന്‍ ‘മുത്താണെന്ന്’ ചൈന

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തുടര്‍ന്നും നിര്‍ത്തിയിട്ടും തങ്ങളുടെ സൗഹൃദ രാജ്യത്തെ പുകഴ്ത്തി ചൈന. തീവ്രവാദ ഫണ്ടിംഗ് തടയാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്കാണ് ചൈന കൈയടിക്കുന്നത്. പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയ യോഗത്തില്‍ ചൈന പോലും അവരെ പിന്തുണച്ചില്ലെന്നിരിക്കവെയാണ് പുറത്ത് ബീജിംഗ് ഈ വിധം പ്രതികരിക്കുന്നത്.

തുര്‍ക്കി മാത്രമാണ് പാകിസ്ഥാനെ യോഗത്തില്‍ പിന്തുണച്ചത്. ഇതോടെ ചൈന ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് പാകിസ്ഥാനെ ഒതുക്കിയെന്ന വാര്‍ത്ത പരന്നു. ഈ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍ വിഷയങ്ങളില്‍ പാകിസ്ഥാന് കൂടുതല്‍ സമയം അനുവദിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പ്രതികരിച്ചത്.

‘ചൈനയുടെ നിലപാട് ഈ വിഷയത്തില്‍ മാറ്റിയിട്ടില്ല. തീവ്രവാദ ഫണ്ടിംഗ് തടയാന്‍ പാകിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എഫ്എടിഎഫ് അംഗങ്ങളിലെ ഭൂരിപക്ഷം ഇത് അംഗീകരിച്ചു. നടപടികള്‍ പുരോഗമിക്കാന്‍ പാകിസ്ഥാന് കൂടുതല്‍ സമയം അനുവദിക്കുകയാണ് ചെയ്തത്’, ഗെംഗ് അവകാശപ്പെട്ടു. എന്നാല്‍ എഫ്എടിഎഫ് യോഗത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു.

പട്ടികയില്‍ നിന്നും പുറത്തുവരാന്‍ പാകിസ്ഥാന്‍ സ്വീകരിക്കേണ്ട നടപടികളില്‍ തൃപ്തരല്ലാതെ വന്നതോടെയാണ് നാല് മാസം കൂടി അനുവദിച്ചത്. ഇതിനകം പ്രതിരോധ നടപടികളില്‍ വിജയിച്ചില്ലെങ്കില്‍ ശക്തമായ ഉപരോധം അകമ്പടിയേകുന്ന കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും, നോര്‍ത്ത് കൊറിയയുമാണ് നിലവില്‍ കരിമ്പട്ടികയിലുള്ള രാജ്യങ്ങള്‍.

Top