ചൈനീസ് ചാങ്-5 പേടകത്തിന്റെ ക്രിസ്തുമസ് സമ്മാനം 1,731 ഗ്രാം സാംപിള്‍!

ചൈനയുടെ ചാന്ദ്ര പര്യവേഷക പേടകമായ ചാങ്-5 കഴിഞ്ഞ ദിവസം 1,731 ഗ്രാം സാംപിളുകളാണ് ഭൂമിയില്‍ എത്തിച്ചത്. വിശദമായ പഠനത്തിന് ഇത് ഗവേഷണ സംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭൗമേതര വസ്തുക്കളില്‍ നിന്ന് ശേഖരിച്ച രാജ്യത്തിന്റെ ആദ്യത്തെ സാംപിളുകളുടെ സംഭരണം, വിശകലനം, ഗവേഷണം എന്നിവ ശാസ്ത്രജ്ഞര്‍ ഉടന്‍ നടത്തുമെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) അറിയിച്ചു. ചാങ് -5 പേടകത്തിന്റെ റിട്ടേണ്‍ കാപ്‌സ്യൂള്‍ വ്യാഴാഴ്ച (ഡിസംബര്‍ 17) അതിരാവിലെ ഇന്നര്‍ മംഗോളിയ ഓട്ടോണമസ് റീജിയനിലാണ് ലാന്‍ ചെയ്തത്.

നവംബര്‍ 24 നാണ് ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, അസന്‍ഡര്‍, റിട്ടേണ്‍ എന്നിവ ഉള്‍പ്പെടുന്ന ചാങ് -5 ദൗത്യം തുടങ്ങിയത്. വടക്കന്‍ ചൈനയിലെ മഞ്ഞു മൂടിയ മംഗോളിയന്‍ ഭാഗത്താണ് പേടകം ലാന്‍ഡ് ചെയ്തത്. ഹെലികോപ്റ്ററുകളിലും മറ്റു വാഹനങ്ങളിലുമായാണ് ശാസ്ത്രജ്ഞര്‍ പ്രദേശത്തേക്ക് എത്തിയത്. മംഗോളിയയിലെ ഈ പ്രദേശം നേരത്തെ തന്നെ ചൈനയുടെ ബഹിരാകാശ പേടകങ്ങളുടെ ലാന്‍ഡിങ് കേന്ദ്രമാണ്.

ബഹിരാകാശ കാപ്‌സ്യൂള്‍ ഒരാഴ്ചയോളം ചന്ദ്രനെ പരിക്രമണം ചെയ്ത ശേഷമാണ് ഭൂമിയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. 40 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ചന്ദ്രനില്‍ നിന്ന് ഒരു പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നത്. 1976 ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 24 പേടകമാണ് ഇതിന് മുന്‍പ് ഈ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നത്. ഒരുപക്ഷേ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ചും സൗരയൂഥത്തിലെ മറ്റ് വസ്തുക്കളുടെയും ഉള്‍ക്കാഴ്ചകള്‍ മനസ്സിലാക്കാന്‍ പുതിയ സാംപിളുകള്‍ വഴി സാധിച്ചേക്കുമെന്ന് ഗവേഷകര്‍ കരുതുന്നത്. ഇവ വിശകലനം ചെയ്യുന്നതിനായി ചൈനയില്‍ പ്രത്യേകം ലാബുകള്‍ ഒരുക്കിയിട്ടുണ്ട്.

ലഭ്യമായ സാംപിളുകളില്‍ ചിലത് മറ്റ് രാജ്യങ്ങളിലെ ഗവേഷകര്‍ക്കും കൂടി നല്‍കി അന്താരാഷ്ട്ര സഹകരണത്തോടെയായിരിക്കും ഗവേഷണങ്ങള്‍ എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ചൊവ്വയിലേക്കുള്ള യാത്ര ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ചൈന ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. 2022 ല്‍ തന്നെ ചൈന ഒരു ബഹിരാകാശ നിലയം നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Top