ഇന്ത്യക്ക് ഭീഷണിയുയര്‍ത്തി കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ നിര്‍മാണപ്രവൃത്തികള്‍ക്കു പിറകെ ലഡാക്കിലും ചൈനയുടെ കൈയേറ്റശ്രമങ്ങള്‍. കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് സോ തടാകത്തില്‍ ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന പാലം നിര്‍മിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം പുറത്ത്. ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണിനു ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈനയുടെ പാലം നിര്‍മാണത്തിന്റെ സൂചനയുള്ളത്.

പാങ്കോങ് തടാകത്തിന്റെ ചൈനയുടെ അധീനതയിലുള്ള ഭാഗത്താണ് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മാണം പുരോഗമിക്കുന്നതെന്നാണ് വിവരം. പാലം വരുന്നതോടെ മേഖലയില്‍ സൈനിക നടപടിയുണ്ടായാല്‍ അതിവേഗത്തിലുള്ള സൈനിക, ആയുധവിന്യാസത്തിന് ചൈനയെ ഇത് സഹായിക്കുമെന്നുറപ്പാണ്.

ഡാമിയന്‍ സിമണ്‍ ട്വിറ്ററിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. പാങ്ങോങ് സോ തടാകത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മാണം പുരോഗമിക്കുന്നതെന്ന് ട്വീറ്റില്‍ ഡാമിയന്‍ പറയുന്നു. മേഖലയിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

Top