ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള 3488 കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി രാജ്യം 25 ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരങ്ങള്‍ (ലോംഗ് റേഞ്ച് റെക്കനൈസന്‍സ് ആന്‍ഡ് ഒബ്‌സര്‍വേഷന്‍ സിസ്റ്റംസ്- ലൊറോസ്)പുതുതായി എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് ഈ നൂതന ഉപകരണങ്ങള്‍ കൈമാറും. അതിര്‍ത്തിയിലെ വിവിധ ഔട്ട്‌പോസ്റ്റുകളില്‍ ഇത് സ്ഥാപിക്കുകയും ചെയ്യും. ഇതിലൂടെ അതിര്‍ത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങള്‍ തത്സമയം പരിശോധിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണുള്ളത്. രണ്ടു കോടി രൂപയില്‍ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്റെ വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു ദിവസങ്ങള്‍ മുമ്പാണ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നിരീക്ഷണ സംവിധാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Top