അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയാണെന്ന് ചൈന

ബീജിങ്: അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ചൈന. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ചൈന ആരോപിച്ചു. അഫ്ഗാനില്‍ അമേരിക്ക പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നും സാധാരണ ജനജീവിതം ദുസ്സഹമാക്കിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

അഫ്ഗാനില്‍ അമേരിക്കയുടെ ശക്തിയും പങ്കും എല്ലാം തകര്‍ക്കുന്നതിലായിരുന്നു, ഒന്നും സൃഷ്ടിക്കുന്നതിലായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത ശേഷം താലിബാനെ അംഗീകരിച്ച് ആദ്യം രംഗത്തെത്തിയ രാജ്യമാണ് ചൈന. താലിബാനുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ചൈന, എംബസി നിലനിര്‍ത്തുകയും ചെയ്തു.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനെ ന്യായീകരിച്ച് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. താലിബാന്‍ രാജ്യം പിടിച്ചടക്കിയതില്‍ അദ്ദേഹം അഫ്ഗാന്‍ സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. അഫ്ഗാനുമായി 76 കിലോമീറ്ററാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്. ഉയിഗൂര്‍ വിഷയത്തില്‍ താലിബാന്‍ സ്വാധീനമുണ്ടാകുമോ എന്നും ചൈന ഭയപ്പെടുന്നു. പുറമെ, കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനില്‍ ചൈന നിക്ഷേപിച്ചിരിക്കുന്നത്.

 

Top