ബഹിരാകാശത്തും പിടിവിടാതെ ചൈന; ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന്

ന്യൂഡല്‍ഹി: ബഹിരാകാശത്തും ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. 2012 മുതല്‍ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ലെ ആക്രമണമായിരുന്നു വലിയത്. അന്ന് ഐഎസ്ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചത്.

ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനുമപ്പുറമുള്ള പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ ചൈനയ്ക്കുണ്ട്. ആന്റി സാറ്റലൈറ്റ് മിസൈലുകള്‍, കോ- ഓര്‍ബിറ്റല്‍ സാറ്റലൈറ്റുകള്‍,ജാമറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ചൈനയുടെ പക്കലുണ്ടെന്ന് ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ആക്രമണങ്ങളാണെങ്കിലും ആരാണെന്നും എവിടെ നിന്നുമാണ് ഇത് സംഭവിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചിട്ടിട്ടില്ല. ഹാക്കിങ് ശ്രമങ്ങളില്‍ ഐഎസ്ആര്‍ഒയുടെ കംപ്യൂട്ടര്‍ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.

Top