കോവിഡ് പ്രതിരോധം; ഡബ്യുഎച്ച്ഒയ്ക്ക് 3 കോടി ഡോളര്‍ കൂടി നല്‍കാനൊരുങ്ങി ചൈന

ബെയ്ജിങ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനക്ക് മൂന്ന് കോടി ഡോളര്‍ കൂടി നല്‍കുമെന്ന് ചൈന. ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഈ പ്രഖ്യാപനം.

കോവിഡ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാല്‍ സംഘടനക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ അമേരിക്ക തീരുമാനം പുന:പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല വിവരങ്ങള്‍ മറച്ചുവെക്കാന്‍ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

അതേസമയം,ലോകാരോഗ്യ സംഘടനക്ക് വലിയതോതില്‍ സാമ്പത്തിക സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സംഭാവന മുടങ്ങിയാല്‍ രോഗപ്രതിരോധ രംഗത്ത് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന പല പ്രവര്‍ത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ വര്‍ഷം സംഘടനയ്ക്ക് അമേരിക്ക നല്‍കിയ വിഹിതം 40 കോടി ഡോളറാണ്.

Top