നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താന്‍ ഒരുങ്ങി ചൈനയും പലസ്തീനും

ബീജിങ്: നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്താന്‍ ചൈനയും പലസ്തീനും. ബീജിങ് സന്ദര്‍ശിക്കുന്ന പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. പലസ്തീനിലും ആ മേഖലയിലാകെയും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ഷി ഉറപ്പുനല്‍കി. നയതന്ത്രബന്ധത്തിന്റെ മുപ്പത്തഞ്ചാം വാര്‍ഷികത്തിലാണ് അബ്ബാസിന്റെ ചൈനീസ് സന്ദര്‍ശനം.

പലസ്തീന്‍ ജനത ചൈനക്കാരുടെ ദീര്‍ഘകാല സുഹൃത്തുക്കളാണെന്ന് ഷി പറഞ്ഞു. ജന്മദേശത്തിന്മേല്‍ പലസ്തീന്‍കാരുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനെ ചൈന എന്നും പിന്തുണച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാന്‍ ചൈന സന്നദ്ധമാണെന്ന് ഏപ്രിലില്‍ ചൈനീസ് വിദേശമന്ത്രി ചിന്‍ ഗാങ് പലസ്തീനെ അറിയിച്ചിരുന്നു. പലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നത് മധ്യപൗരസ്ത്യ ദേശത്തിന്റെയാകെ സമാധാനത്തിനും സുസ്ഥിരതയ്ക്കും നിര്‍ണായകമാണെന്ന് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുശേഷം ചൈനീസ് വിദേശ വക്താവ് വാങ് വെന്‍ബിന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയിലും ചൈന പ്രശ്നപരിഹാരത്തിനായി ശ്രമിക്കും.

മധ്യപൗരസ്ത്യ മേഖലയുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയത്തിലെ അപകടങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ രാജ്യങ്ങളാണ് പതിറ്റാണ്ടിനിടെ ചൈനയുമായി അടുക്കുന്നത്. ഇറാന്‍ ആണവ ഉടമ്പടി, സിറിയന്‍ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ അമേരിക്കന്‍ നയത്തിന്റെ വിശ്വാസരാഹിത്യം എടുത്തുകാട്ടി. ചൈന മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇറാനും സൗദി അറേബ്യയും അടുത്തിടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു.

 

Top