ബെയ്ജിങ്: പുതിയ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സര്‍ദാരിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും സര്‍ദാരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും പാകിസ്താനും തമ്മിലുള്ള പരമ്പരാഗതമായ സൗഹൃദത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സര്‍ദാരിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. വിവധ മേഖലകളില്‍ പ്രായോഗികമായി സഹകരിക്കും. കൂടുതല്‍ അടുത്ത ചൈന-പാകിസ്താന്‍ ബന്ധത്തിനായുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും അതുവഴി രണ്ടുപേര്‍ക്കും പ്രയോജനമുണ്ടാകുമെന്നും ഷി ജിന്‍പിങ് പറഞ്ഞു.ചൈനയും പാകിസ്താനും നല്ല അയല്‍ക്കാരാണ്. നല്ല സുഹൃത്തുക്കളും പങ്കാളികളും സഹോദരരുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്ന തലത്തിലുള്ള വിനിമയങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അവരവരുടെ പ്രധാന താത്പര്യങ്ങളും പരിഗണനകളും സംബന്ധിച്ച പ്രശ്നങ്ങളില്‍ പരസ്പരം പിന്തുണച്ചിട്ടുമുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണത്തില്‍ ഫലവത്തായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ഉഭയകക്ഷി ബന്ധവും നിലനിര്‍ത്താനായി, ഷി ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് കൂടിയായ സര്‍ദാരി ശനിയാഴ്ചയാണ് പാകിസ്താന്റെ 14-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സഹചെയര്‍പേഴ്സണായ സര്‍ദാരി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് പാര്‍ട്ടിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.