കൊറോണ അന്വേഷണത്തിൽ ചൈന സഹകരിച്ചിട്ടില്ലെന്ന്‌ അമേരിക്ക

വാഷിംഗ്ടൺ: കൊറണ വൈറസ് വ്യാപനത്തിന്റെ അന്വേഷണത്തിൽ ചൈന ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്ന് ആവർത്തിച്ച് അമേരിക്ക. വൈറസിന്റെ വ്യാപനത്തിനെ സംബന്ധിച്ച രേഖകളൊന്നും ചൈന ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിട്ടില്ല. പലതിലും സുതാര്യതയില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ആരോപണം ശക്തമാക്കിയിരിക്കുന്നത്.

ചൈനയുടെ ഒരു നയത്തിലും സുതാര്യതയില്ല. കൊറോണ വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ ചൈന സുപ്രധാനമായ പലതും മറച്ചുവെച്ചു. ആഗോള തലത്തിൽ ചൈനയുടെ നടപടികൾക്കെതിരെ കൂടുതൽ അന്വേഷണം അനിവാര്യമാണ്. ലോകാരോഗ്യസംഘടനയും ചൈനയും സംയുക്തമായി തയ്യാറാക്കിയ വൈറസ് ബാധ റിപ്പോർട്ടിനെ വിമർശിച്ചുകൊണ്ടാണ് ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്.

വൈറസ് ബാധ ഉണ്ടായ ഉടനെ എല്ലാ വിവരങ്ങളും ലോകാരോഗ്യസംഘടനയേയും ലോകരാജ്യങ്ങളേയും അറിയിക്കണമായിരുന്നു. ചൈന തുടക്കത്തിൽ എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്തിട്ടില്ല. ലോകസമൂഹത്തോട് ചെയ്തിരിക്കുന്നത് വലിയ തെറ്റാണ്. സുതാര്യതയില്ലാത്ത നയം ഏറെ അപകടമാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

Top