ദലൈലാമയുമായുള്ള കൂടിക്കാഴ്ച ദേശീയ വികാരത്തിനെതിരെന്ന് ചൈന ; ഗുരുതര കുറ്റമായി കണക്കാക്കും

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോ ആതിഥ്യമരുളുന്നതോ ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തേയോ സംഘടനയേയോ കുറ്റക്കാരായി കണക്കാക്കുമെന്നും, ഇത് ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണെന്നും ചൈനീസ് സര്‍ക്കാര്‍ വക്താവ് ഷാങ് യിജിയോങ് പ്രതികരിച്ചു.

ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനയുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിമാലയന്‍ മേഖലയിലുള്‍പ്പെടുന്ന ടിബറ്റിന് സ്വയംഭരണാവകാശം വേണമെന്ന നിലപാട് ദലൈലാമ വ്യക്തമാക്കിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ടിബറ്റിനെ ചൈനയുടെ അധികാര പരിധിയില്‍ നിന്നും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിഘടനനേതാവായാണ് ദലൈലാമയെ ചൈന ചിത്രീകരിച്ചിരിക്കുന്നത്.

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്ന ലോകനേതാക്കള്‍ക്കെതിരെ ചൈന നേരത്തേയും പ്രതിഷേധമുയര്‍ത്തിയിരുന്നു. ബെയ്ജിങ്ങുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന എല്ലാ രാഷ്ട്രങ്ങളും ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്ന നിര്‍ബന്ധവും ചൈന മുന്നോട്ട് വച്ചിരുന്നു.

മാത്രമല്ല, ദലൈലാമയ്ക്ക് അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നിലപാടിനെതിരെയും ചൈന നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള ദലൈലാമയുടെ സന്ദര്‍ശനത്തെ ചൈന നിരന്തരം എതിര്‍ത്തിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം തകരുമെന്ന ആശങ്കയെ തുടര്‍ന്ന് വളരെ ചുരുക്കം ലോകനേതാക്കള്‍ മാത്രമാണ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയത്.

Top