കൊറോണ ബാധിച്ച് മരിക്കുന്നവരെ ‘രഹസ്യമായി’ മറവുചെയ്യുന്നു; ചൈന യാഥാര്‍ത്ഥ്യം മറയ്ക്കുന്നോ?

ചൈന പുറത്തുവിടുന്ന കൊറോണാവൈറസ് മരണനിരക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന് ആരോപണം. മൃതദേഹങ്ങള്‍ തിരക്കുപിടിച്ച് രേഖകളില്‍ കാണിക്കാതെ മറവുചെയ്യുന്നതാണ് ഈ സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. വുഹാനിലെ ശ്മശാന ജീവനക്കാരാണ് ആശുപത്രികളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ കാണിക്കാതെ മൃതദേഹങ്ങള്‍ അയയ്ക്കുന്നതായി വെളിപ്പെടുത്തിയത്.

ഔദ്യോഗിക കണക്ക് പ്രകാരം 213 പേരാണ് ഇതുവരെ മരിച്ചതെന്നാണ് ചൈന വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കണക്ക് കുറച്ച് കാണിക്കുകയാണെന്നാണ് ആശങ്ക. ലോകത്തിന് മുന്നില്‍ ചൈന പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നതായി ഡിഡബ്യു ഈസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്റ് വില്ല്യം യാംഗ് വ്യക്തമാക്കി. വൈറസുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ അവര്‍ സുതാര്യത പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങള്‍ ഇപ്പോഴും വിശ്വസിക്കാവുന്ന അവസ്ഥയിലല്ല, യാംഗ് പറഞ്ഞു.

വ്യക്തമായി തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അയച്ച് നല്‍കുന്നതായി ജീവനക്കാരുമായി സംസാരിച്ച ഹോങ്കോംഗ് ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സി ഇനീഷ്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് ഇതുവഴി വ്യക്തമാകുന്നത്, യാംഗ് പ്രതികരിച്ചു.

വൈറസ് പടരുന്നത് തടയാന്‍ ശക്തമായ നടപടികളാണ് ചൈന സ്വീകരിച്ചത്. വുഹാനിലെ 50 മില്ല്യണിലേറെ ജനങ്ങളെ ഏകാന്തവാസത്തിലാക്കിയാണ് രോഗബാധ പടരാതെ ശ്രദ്ധിക്കുന്നത്.

Top