റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലില്‍ ഇരുകക്ഷികളോടും ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് ചൈന

റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലില്‍ ഇരുകക്ഷികളോടും ആത്മസംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് ചൈന. എന്നാല്‍, റഷ്യയുടെ സൈനികനടപടിയെ അധിനിവേശമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അത് മുന്‍വിധിയാണെന്നും ചൈന പ്രതികരിച്ചു. പുതിയ സ്ഥിതിഗതികള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എല്ലാവരോടും ആക്രമണത്തില്‍നിന്ന് മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.

കാര്യങ്ങള്‍ പിടിവിട്ടുപോകുന്ന തരത്തിലേക്കു നീങ്ങുന്നത് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു. വളരെ സങ്കീര്‍ണമായ ചരിത്രപശ്ചാത്തലമുള്ളതാണ് യുക്രൈന്‍ വിഷയമെന്ന് ഹുവാ പറഞ്ഞു. നിരവധി ഘടകങ്ങളുടെ ഫലമായാണ് ഈ സാഹചര്യമുണ്ടായത്. എന്നാല്‍, റഷ്യയുടെ നടപടിയെ അധിനവേശമെന്ന് ചാപ്പകുത്തുന്നത് മുന്‍വിധിയുടെ ഭാഗമാണെന്നും ഹുവാ ചുന്‍യിങ് വ്യക്തമാക്കി.

യുക്രൈന്‍ സംഘര്‍ഷത്തിന്റെ തുടക്കംതൊട്ട് തന്നെ സൂക്ഷിച്ചുള്ള പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതേസമയം, റഷ്യയ്‌ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നീക്കത്തെ ചൈന വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ സംഘര്‍ഷം കത്തിക്കാന്‍ കൂടുതല്‍ ഇന്ധനം പകരുകയാണ് ചെയ്യുന്നതെന്നും ചൈന കുറ്റപ്പെടുത്തി.

 

Top