പാകിസ്താനെ ഉരുക്കു രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി

ഇസ്ലമാബാദ്: പാകിസ്താന്‍-ചൈനാ ബന്ധത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് പാകിസ്താന്‍ സൈന്യമെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേണല്‍ വ്യൂ ഷ്യാന്‍.

പാകിസ്താന്‍ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഉരുക്ക് രാഷ്ട്രമെന്ന വാക്കാണ് ഓര്‍മ വരുന്നതെന്നും വ്യൂ ഷ്യാന്‍ പറഞ്ഞു.

പാകിസ്താനും-ചൈനയും തമ്മില്‍ നടത്തിയ ഷഹീന്‍-6 സംയുക്ത വ്യോമ പരിശീലനത്തിന്റെ സമാപന ചടങ്ങിലാണ് വ്യൂ ഷ്യാന്‍ ഇങ്ങനെ പറഞ്ഞത്.

ചൈനയിലെ കൊര്‍ള എയര്‍ബേസിലാണ് മൂന്നാഴ്ചയോളം നീണ്ട് നിന്ന വ്യോമ പരിശീലനം വ്യാഴാഴ്ച അവസാനിച്ചത്. ഷഹീന്‍-6 എന്നാണ് വ്യോമ പരിശീലനത്തിന് പേര് നല്‍കിയിരിക്കുന്നത്.

ആദ്യമായിട്ടാണ് ഇരുരാജ്യങ്ങളും പരസ്പര സൗഹൃദത്തിന്റെ ഭാഗമായി യുദ്ധവിമാനങ്ങള്‍ ഒരുമിച്ച് പറത്തുന്നത്.

പാകിസ്താന്‍ എയര്‍ഫോഴ്സിന്റെയും, പീപ്പില്‍ ലിബറേഷന്‍ ആര്‍മിയുടെയും ഉന്നത ഉദ്യോഗസ്ഥരും അവസാന ദിവസത്തെ പരിശീലന പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ഉണ്ടായിരുന്നു. വ്യോമ പരിശീലനത്തിലൂടെ ഇരു രാജ്യങ്ങളുടെയും വ്യോമസേനയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്.

യു.എന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രൂക്ഷമായി സംസാരിച്ചതും, തുടര്‍ന്ന് വന്ന പാകിസ്താന്റെ പ്രതികരണവുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താനും ചൈനയും വ്യോമബന്ധം ശക്തമാക്കികൊണ്ടുള്ള പരിശീലനവും നടത്തിയത്.

Top