ചിലിയന്‍ കത്തോലിക്കാ സഭയിലെ രണ്ടു ബിഷപ്പുമാര്‍ കൂടി രാജി വച്ചു

വത്തിക്കാന്‍ : ചിലിയന്‍ കത്തോലിക്കാ സഭയിലെ രണ്ടു ബിഷപ്പുമാര്‍ രാജി വച്ചു. ബാല ലൈംഗിക പീഡനം മറച്ചു വച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് കാര്‍ലോസ് എഡ്യൂറാഡോ, ക്രിസ്റ്റിന്‍ എനറിക് എന്നീ ബിഷപ്പുമാര്‍ രാജി വെച്ചത്. ഇവരുടെ രാജി ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 1960 മുതല്‍ മറച്ചുവയ്ക്കപ്പെട്ട 119 ബാലലൈംഗിക പീഡന കേസുകള്‍ ചിലിയന്‍ പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഇവരുടെ രാജി.

ഇതോടെ ഇതുവരെ രാജി വച്ച ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപ്പുമാരുടെ എണ്ണം ഏഴായി. 34 ബിഷപ്പുമാരാണ് ബാല ലൈംഗിക പീഡനം മറച്ചു വച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് മാസം മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ രാജി സന്നദ്ധ അറിയിച്ചത്. വത്തിക്കാന്‍ അന്വേഷകര്‍ നടത്തിയ അന്വേഷണത്തില്‍ ചിലിയന്‍ കത്തോലിക്കാ സഭയിലെ ഉന്നത അധികാരികള്‍ ബാല ലൈംഗിക പീഡനം മറച്ചു വച്ചു എന്ന് കണ്ടത്തിയതിനെ തുടര്‍ന്നായിരുന്നു മാര്‍പ്പാപ്പ അടിയന്തര യോഗം വിളിച്ചത്.

ബാലലൈംഗിക പീഡനം മറച്ചു വച്ചതിന്റെ തെളിവുകള്‍ കണ്ടെത്താനായി ചിലിയിലെ രൂപതാ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്തിരുന്നു. ചിലിയന്‍ ജനസംഖ്യയുടെ 66 % ആളുകളും കത്തോലിക്കാ സഭാ വിശ്വാസികളാണ്. മാര്‍പാപ്പ നിയമിച്ച അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിനു കീഴിലാണ് ഇപ്പോള്‍ രാജി വച്ച ബിഷപ്പുമാരുടെ രൂപതകള്‍.

Top