ചിലിയിലെ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മന്ത്രിസഭ പിരിച്ചുവിട്ട് പിനേറാ

സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറാ മന്ത്രിസഭ പിരിച്ചുവിട്ടു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് പിനേറയുടെ നീക്കം. എന്നാല്‍ എന്തു തരത്തിലുള്ള മന്ത്രിസഭാ പുനഃസംഘടനയാണു പിനേറാ ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്നും പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറാ രാജിവയ്ക്കണമെന്നും ആവശ്യം ഉന്നയിച്ച് തലസ്ഥാനമായ സാന്റിയാഗോയില്‍ കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിനുപേരാണു പങ്കെടുത്തത്. ദേശീയപതാകയുമായി അണിനിരന്ന പ്രക്ഷോഭകര്‍ 1973-90 കാലത്ത് അഗസ്റ്റോ പിനാഷേ ഭരണകൂടത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഏറ്റുപറഞ്ഞ് തെരുവിലിലേക്കിറങ്ങുകയായിരുന്നു. ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നായിരുന്നു പ്രക്ഷോഭത്തെക്കുറിച്ച് സാന്റിയാഗോ ഗവര്‍ണര്‍ കാലാ റബ്ലര്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്.

പ്രക്ഷോഭകരെ നേരിടാനായി 20,000 ത്തോളം പോലീസുകാരെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരുന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതിനകം 19 പേരാണ് മരിച്ചത്.

Top