കോപ്പ അമേരിക്ക ; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ മറികടന്ന് ചിലി സെമിയില്‍

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കൊളംബിയയെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ ചിലി സെമിയില്‍ പ്രവേശിച്ചു. സാവോ പോളോയില്‍ നടന്ന പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

ചിലിയുടെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോള്‍ കൊളംബിയയുടെ വില്ലിയം ടെസില്ലോയ്ക്ക് പിഴച്ചു. ചിലിക്കായി അഞ്ചാമത്തെ കിക്കെടുത്ത അലക്സിസ് സാഞ്ചെസ് അവരെ സെമിയിലെത്തിക്കുകയായിരുന്നു. വിഡാല്‍, വര്‍ഗാസ്, പുള്‍ഗര്‍, അരാംഗ്വിസ്, സാഞ്ചസ് എന്നിവരാണ് ചിലിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്.

നാളെ നടക്കുന്ന യുറഗ്വായ് – പെറു ക്വാര്‍ട്ടര്‍ വിജയികളുമായി ചിലി ഫൈനല്‍ ടിക്കറ്റിനായി ഏറ്റുമുട്ടും.

Top