Chile advanced to the quarter-finals of the Copa America

പെന്‍സില്‍വാനിയ: പാനമയെ ഗോളില്‍ മുക്കി ചിലി കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറിലേക്ക് പറന്നിറങ്ങി. ഇരട്ടഗോള്‍ നേട്ടത്തോടെ സൂപ്പര്‍ താരങ്ങളായ അലക്‌സിസ് സാഞ്ചസും എഡ്വേഡോ വര്‍ഗാസുമാണ് ചിലിക്ക് ജയം ഒരുക്കിയത്. പക്ഷേ, പാനമയും തീര്‍ത്തും മോശമാക്കിയില്ല കാമാര്‍ഗോയുടെയും അരോയോയുടെയും ഗോളുകളിലൂടെ അവര്‍ നാണംകെട്ട തോല്‍വി ഒഴിവാക്കി.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ഞെട്ടുന്ന ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ചിലിയുടെ തിരിച്ചുവരവ്. കാമാര്‍ഗോ തൊടുത്ത ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോയെ മറി കടന്ന് ഗോള്‍വല കുലുക്കിയപ്പോള്‍ ചിലി ഞെട്ടി, ആരാധാകരും. എന്നാല്‍ പത്തു മിനിറ്റിനിപ്പുറം ചിലി പുലിയായി. വര്‍ഗാസാണ് ചിലിയെ ഒപ്പമെത്തിച്ചത്.

പിന്നീടങ്ങോട്ട് കണ്ടത് അക്ഷരാര്‍ഥത്തില്‍ കളി ചിലിയുടെ നിയന്ത്രണത്തിലാവുന്നതാണ്. സാഞ്ചസും വര്‍ഗാസും ചേര്‍ന്ന് പാനമയെ നിരന്തരം സമ്മര്‍ദത്തിലാക്കി. കൂടുതല്‍ ഗോള്‍ കുടുങ്ങാതിരിക്കാന്‍ പാനമ പ്രതിരോധം ശക്തമാക്കിയെങ്കിലും ചിലി അതൊക്കെ നിഷ്പ്രഭമാക്കി. 43-ാം മിനിറ്റില്‍ ബ്യൂസിയോറിന്റെ ഒരു ക്രോസിന് തലവച്ച് വര്‍ഗാസ് ചിലിയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ ചിലി വീണ്ടും കരുത്തുകാട്ടി. വര്‍ഗാസ് വഴിയൊരുക്കിയപ്പോള്‍ ബോള്‍ വലയിലെത്തിക്കാനുള്ള നിയോഗം ഇത്തവണ സാഞ്ചസിനായികരുന്നുവെന്നു മാത്രം.

ക്വാര്‍ട്ടര്‍ പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന പാനമ നിരന്തരം നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഗോളായില്ല. അവസരങ്ങള്‍ രണ്ട പക്ഷത്തും ഒരു പോലെ പിറക്കുന്നത് കണ്ട നിമിഷത്തിലാണ് അപ്രതീക്ഷിതമായി പാനമ വീണ്ടും ലക്ഷ്യം കണ്ടത്. പക്ഷേ പിന്നീട് ഒന്നിനും കാത്തു നില്‍ക്കാതെ ചിലി അടുത് ഗോളും മത്സരവും സ്വന്തമാക്കി ക്വാര്‍ട്ടറിലേക്ക് പറന്നിറങ്ങി.

Top